രാജ്യത്ത് ചട്ടവിരുദ്ധമായി വായ്പ ഇടപാട് നടത്തുന്നവരെ അഴിക്കുള്ളിലാക്കാന്‍ പുതിയ നിയമം തയ്യാറാകുന്നു. കേന്ദ്ര ധനമന്ത്രാലയം കൊണ്ടുവന്ന ചട്ടവിരുദ്ധ വായ്പ ഇടപാട് തടയല്‍ അഥവ ബുല ബില്‍ പ്രകാരം ഒരു വര്‍ഷം മുതല്‍ എഴ് വര്‍ഷം വരെ തടവും ഒരു കോടി രൂപയുടെ പിഴയുമാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്.
നേരിട്ടോ ഡിജിറ്റല്‍ ഇടപാട് വഴിയോ അനധികൃതമായി വായ്പ ഇടപാട് നടത്തുന്നവരെ നിയന്ത്രിക്കുകയാണ് പുതിയ ബില്ലിന്റെ ലക്ഷ്യം. റിസര്‍വ് ബാങ്ക് ചട്ടങ്ങളേപ്പോലും കാറ്റില്‍പ്പറത്തിയുള്ള പണമിടപാടുകളും കൊള്ളപ്പലിശ വാങ്ങലും വ്യാപകമായ സാഹചര്യത്തിലാണ് നടപടി. നിയമാനുസൃതമായ വായ്പ ലഭ്യമാക്കുന്ന കമ്പനികളുടെ വിവരങ്ങള്‍ സമാഹരിക്കുന്നതിന് അതോറിട്ടി വേണമെന്നും ബില്‍ പറയുന്നു.
ബ്ലേഡ് കമ്പനികള്‍, ഡിജിറ്റല്‍ ആപ് തുടങ്ങിയ രൂപത്തില്‍ അമിത പലിശക്ക് വായ്പാ വാഗ്ദാനം നടത്തി അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏഴു വര്‍ഷം തടവും ഒരു കോടി രൂപ വരെ പിഴയും ശിക്ഷ വിധിക്കാന്‍ ധനമന്ത്രാലയം തയാറാക്കിയ കരട് ബില്‍ വ്യവസ്ഥ ചെയ്യുന്നു. വായ്പ തിരിച്ചു പിടിക്കാന്‍ ഉപയോക്താക്കളെ പീഡിപ്പിച്ചുവെന്ന് തെളിഞ്ഞാല്‍ 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും ഇരട്ടി തുകയുടെ പിഴയും ബില്ലില്‍ നിര്‍ദേശിക്കുന്നു. ഏറ്റവും കുറഞ്ഞ പിഴ രണ്ടു ലക്ഷം രൂപയാണ്.
ഒന്നിലധികം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇത്തരക്കാരെങ്കില്‍, കുറ്റവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. വന്‍തുകയുടെ കേസുകളും സിബിഐക്ക് വിടും.
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും മൈക്രോ ഫിനാന്‍സ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും വലിയ ആശ്വാസമാകും ഈ നടപടി സൃഷ്ടിക്കുക. ഡിജിറ്റല്‍, ഓണ്‍ലൈന്‍ മേഖലയില്‍ അനധികൃത വായ്പാ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ചട്ടവിരുദ്ധ വായ്പാ പ്രവര്‍ത്തന നിരോധന നിയമത്തിന്റെ ബില്ലില്‍ ജനാഭിപ്രായം തേടിയിട്ടുണ്ട്. ഫെബ്രുവരി 13 വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം.

