Site iconSite icon Janayugom Online

പടക്ക നിരോധനം നടപ്പാക്കിയില്ലെങ്കില്‍ നടപടി: സുപ്രീം കോടതി

അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ദേശീയ തലസ്ഥാന പ്രദേശ (എന്‍സിആര്‍) ങ്ങളില്‍ പടക്കനിരോധനം കര്‍ശനമാക്കണമെന്ന് ഉത്തര്‍പ്രദേശ്-രാജസ്ഥാന്‍ സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം. ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചാല്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം എന്‍സിആര്‍ മേഖലകളിലെ പടക്ക നിര്‍മ്മാണം, വില്പന, ഉപയോഗം, എന്നിവ നിരോധിക്കുന്നതിന് നിര്‍ദേശം പുറപ്പെടുവിക്കാനും സര്‍ക്കാരുകളോട് ബെഞ്ച് നിര്‍ദേശിച്ചു. ഉത്തരവ് പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. ഡല്‍ഹിയില്‍ പടക്ക നിര്‍മ്മാണത്തിനേര്‍പ്പെടുത്തിയ നിരോധനത്തിന് ഇളവ് നല്‍കണമെന്ന ആവശ്യം കോടതി തള്ളി. 

ജനസംഖ്യയുടെ ഭൂരിഭാഗവും തെരുവുകളില്‍ ജോലി ചെയ്യുന്നവരാണ്. വായു മലിനീകരണം ഏറ്റവും കൂടുതല്‍ ബാധിച്ചതും അവരെയാണ്. മലിനീകരണത്തില്‍ നിന്നും രക്ഷനേടാന്‍ എല്ലാവര്‍ക്കും എയര്‍ പ്യൂരിഫയര്‍ വാങ്ങാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്‍സിആര്‍ മേഖലകളിലെ പടക്ക ഉപയോഗം ഡല്‍ഹിയെ ബാധിക്കുമെന്ന് നിരീക്ഷിച്ച ബെഞ്ച് കഴിഞ്ഞ വര്‍ഷം പടക്ക ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ഉത്തര്‍പ്രദേശ്-രാജസ്ഥാന്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Exit mobile version