Site iconSite icon Janayugom Online

നടന്‍ ഷൈന്‍ടോം ചാക്കോ എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി

നടന്‍ ഷൈന്‍ ടോം ചാക്കോ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. ഇന്നു രാവിലെ പത്തോടെയാണ് സ്‌റ്റേഷനിലെത്തിയത്. ഷൈനിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ഷൈന്‍ പൊലീസ് സ്‌റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ എസ്‌ഐക്ക് മുമ്പാകെ ഹാജരാകണമെന്ന് പൊലീസ് നേരത്തെ ഷൈനിന് നിർദേശം നൽകിയിരുന്നു.

തൃശ്ശൂർ മുണ്ടൂരിലെ വീട്ടില്‍ നേരിട്ടെത്തിയാണ് എറണാകുളം നോര്‍ത്ത്പൊലീസ് നോട്ടീസ് കൈമാറിയത്. വീട്ടില്‍ ഷൈന്‍ ഇല്ലാതിരുന്നതിനാല്‍ കുടുംബത്തിനാണ് നോട്ടീസ് കൈമാറിയത്. സിറ്റി പൊലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. ഇത് എന്തിനായിരുന്നു എന്ന കാര്യത്തിൽപൊലീസ് നടനോട്‌ വിശദീകരണം തേടും.

2015‑ലെ കൊക്കെയ്ൻ കേസിൽ ഷൈൻ ടോം ചാക്കോയെ അടുത്തയിടെയാണ് തെളിവില്ലെന്നു കണ്ട് കോടതി വെറുതേ വിട്ടത്. കൊച്ചി കടവന്ത്രയിൽ നടത്തിയ റെയ്ഡിൽ ആയിരുന്നു കൊക്കെയ്‌നുമായി ഷൈനും മോഡലുകളും പിടിയിലായത്. ആലപ്പുഴയിൽ യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി എക്സൈസ് പിടികൂടിയ കേസിലും ഷൈനിന്റെ പേര് ഉയർന്നിരുന്നു.

Exit mobile version