Site iconSite icon Janayugom Online

കോവിഡിന് ശേഷം ചൈനയിൽ പുതിയ വെെറസ് പടരുന്നു,‘ഹ്യൂമന്‍ മെറ്റാപ്’; കരുതലോടെ ലോകം

കോവിഡിന് ശേഷം ചൈനയിൽ പുതിയ വെെറസ് ‘ഹ്യൂമന്‍ മെറ്റാപ്’ അതിവേഗം പടരുന്നതായി റിപ്പോർട്ടുകൾ. ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന വൈറസ് കൂടുതലായി ബാധിക്കുന്നത് കൊച്ചുകുട്ടികളേയും പ്രായമായവരേയും ആണെന്ന് വിദഗ്ധർ പറയുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്.ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചുമ അല്ലെങ്കിൽ ശ്വാസം മുട്ടൽ, മൂക്കൊലിപ്പ് അല്ലെങ്കിൽ തൊണ്ടവേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. 

ചില കേസുകളിൽ, വൈറസ് ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ പോലുള്ള സങ്കീർണതകളിലേക്ക് നയിച്ചേക്കാം. എച്ച്എംപിവിയുടെ ഇൻകുബേഷൻ കാലയളവ് സാധാരണയായി മൂന്ന് മുതൽ ആറ് ദിവസം വരെയാണ്. കുട്ടികളിലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ 10% മുതൽ 12% വരെ ഇതുമൂലമാണ് ഉണ്ടാകുന്നതെന്ന് ഗവേഷകർ പറയുന്നു. 5% മുതൽ 16% വരെ കുട്ടികളിൽ ന്യുമോണിയ പോലുള്ള താഴ്ന്ന ശ്വാസകോശ ലഘുലേഖ അണുബാധ ഉണ്ടാകാം. ചൈനയുടെ വടക്കൻ പ്രവിശ്യകളിൽ 14 വയസ്സിന് താഴെയുള്ളവരിലാണ് രോ​ഗം കൂടുതലായി കണ്ട് വരുന്നത്. 

ആശുപത്രികൾ ആളുകളെക്കൊണ്ടു നിറഞ്ഞു. ശ്മശാനങ്ങളും നിറഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. എച്ച്എംപിവി മാത്രമല്ല, ഇൻഫ്ലുവൻസ എ, മൈകോപ്ലാസ്മ ന്യുമോണിയ, കോവിഡ് തുടങ്ങിയവയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചൈനയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ അവകാശപ്പെടുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. കുട്ടികൾക്കിടയിലും വ്യാപകമായി ന്യൂമോണിയയും മറ്റു രോഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ന്യൂമോണിയ പടർന്നുപിടിക്കുന്നതിൽ നിരീക്ഷണ സംവിധാനം ഒരുക്കിയിരിക്കുന്നതായി ചൈനയുടെ രോഗനിയന്ത്രണ വിഭാഗത്തിൽനിന്ന് അറിഞ്ഞതായി രാജ്യാന്തര വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ചൈനയോ ലോകാരോഗ്യ സംഘടനയോ ഇക്കാര്യത്തിൽ ഔദ്യോഗികമായി യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല. രോഗം വർധിക്കുന്നതിൽ ശൈത്യം ഒരു പ്രധാന ഘടകമാണ്. കോവിഡിനു ശേഷമുള്ള ശാരീരിക അവസ്ഥയും പ്രധാനമാണ്. നിലവിൽ എച്ച്എംപിവിക്ക് പ്രത്യേക ആന്റി–വൈറൽ തെറപ്പിയോ മുൻകരുതൽ വാക്സീനോ ഇല്ല.

Exit mobile version