പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ പ്രകോപനവുമായി പാകിസ്ഥാൻ. ഇന്ത്യ‑പാകിസ്ഥാൻ അതിർത്തിയിൽ പത്തിടങ്ങളിലാണ് പാക് ഡ്രോണുകൾ പറന്നെത്തിയത്. എല്ലാം ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനവും സൈന്യവും തകർത്തു. ജമ്മു കശ്മീരിലെ സാംബയിലടക്കം പാക് ഡ്രോണുകൾ എത്തിയെന്നാണ് ഇന്ത്യൻ പ്രതിരോധ സേനകൾ പറയുന്നത്. ഇവ തകർത്തതായും സേനാ വൃത്തങ്ങൾ അറിയിച്ചു.
പഞ്ചാബിലെ അമൃത്‌സറിലും ഡ്രോൺ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ പാക് ഡ്രോണുകളെ തകർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജമ്മുവിലെ സാംബാ സെക്ടറിൽ പാക് ഡ്രോൺ ഇന്ത്യൻ സേന തകർക്കുന്ന ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ എൻ ഐയാണ് പുറത്തുവിട്ടത്. പാക് പ്രകോപനം ശക്തമായ സാഹചര്യത്തിൽ അതിർത്തി പ്രദേശങ്ങളിൽ ബ്ലാക്ക് ഔട്ട് തുടരുകയാണ്. അതേസമയം പാകിസ്ഥാന് കടുത്ത താക്കീതുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇന്ത്യയിലെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചവരുടെ ആസ്ഥാനം ഇന്ത്യന്‍ സേനകള്‍ മായ്ച്ച് കളഞ്ഞെന്ന് പ്രധാനമന്ത്ര വ്യക്തമാക്കി. ഭീകരതക്കെതിരെ ഓപ്പറേഷന്‍ സിന്ദൂരായിരിക്കും രാജ്യത്തിന്റെ ഇനിയുള്ള നയമെന്നും മോഡി പ്രഖ്യാപിച്ചു.

