Site icon Janayugom Online

പുതിയ വെല്ലുവിളിയായി ദക്ഷിണാഫ്രിക്കന്‍ വകഭേദം: വാക്സിനുകളെ മറികടക്കും; അതിതീവ്ര വ്യാപനശേഷി

കോവിഡ് വാക്സിനുകളെ മറികടക്കുന്ന അതിതീവ്ര വ്യാപനശേഷിയുമായി ദക്ഷിണാഫ്രിക്കന്‍ വകഭേദം പടരുന്നതായി ശാസ്ത്രജ്ഞന്മാര്‍. ഇവ അതിവേഗത്തില്‍ കൂടുതല്‍ ജനിതകമാറ്റത്തിന് വിധേയമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയില്‍ മെയ് മാസത്തില്‍ ആദ്യമായി കണ്ടെത്തിയ സി.1.2 എന്ന വൈറസ് ഓഗസ്റ്റ് ആയപ്പോഴേക്കും നിരവധി രാജ്യങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ ഈ വകഭേദത്തെ വേരിയന്റ് ഓഫ് ഇന്ററസ്റ്റ് എന്ന വിഭാഗത്തിലാണ് ഡബ്ല്യുഎച്ച്ഒ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ഒന്നാം തരംഗത്തിന് ഇടയാക്കിയ സി.1 വൈറസിന് ജനിതകമാറ്റം സംഭവിച്ചാണ് സി.1.2 രൂപമെടുത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ കോവിഡ് ആദ്യം പൊട്ടിപ്പുറപ്പെട്ട ചൈന, കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ ഇതുവരെ സി.1.2 വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞു. 

ഇതുവരെ കണ്ടെത്തിയ വകഭേദങ്ങളില്‍ ഏറ്റവും കൂടിയ ജനിതകമാറ്റ നിരക്കാണ് സി.1.2 രേഖപ്പെടുത്തിയതെന്നും ദക്ഷിണാഫ്രിക്കന്‍ പഠനത്തില്‍ പങ്കാളിയായ കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ബയോളജിയിലെ വൈറോളജിസ്റ്റായ ഉപാസന റേ വിശദീകരിക്കുന്നു. പ്രതിവര്‍ഷം 41.8 തവണ സി.2.1 വകഭേദം ജനിതക മാറ്റത്തിന് വിധേയമാകുമെന്ന് പഠനത്തില്‍ കണ്ടെത്തി. ഇത് ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളുടെ രണ്ടിരട്ടിയാണ്. 

ദക്ഷിണാഫ്രിക്കയിലെ ജിനോം സീക്വന്‍സിങ്ങില്‍ സി.1.2 സാന്നിധ്യം പ്രതിമാസം ഉയരുകയാണ്. മെയ് മാസത്തില്‍ ഉണ്ടായിരുന്ന 0.2 ശതമാനത്തില്‍ നിന്നും ജൂലൈയില്‍ രണ്ട് ശതമാനമായി ഉയര്‍ന്നു. തുടര്‍ച്ചയായ ജനിതകമാറ്റങ്ങളിലൂടെ സ്പൈക്ക് പ്രോട്ടീനിലുണ്ടായ മാറ്റങ്ങള്‍ വാക്സിനുകള്‍ക്കെതിരെയുള്ള ശേഷി നേടിയതായും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ENGLISH SUMMARY:again new covid vari­ant finds out
You may also like this video

Exit mobile version