ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വായുഗുണനിലവാരം മോശമായതോടെ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. വായുമലിനീകരണം അതീവ ഗുരുതരമായതോടെ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ 2 (ഗ്രാപ്പ് 2) നടപ്പാക്കി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച് ഡൽഹിയില്‍ ശരാശരി വായു ഗുണനിലവാര സൂചിക (എക്യുഐ) ഇപ്പോള്‍ 302 ആണ്. ദീപാവലി ആഘോഷങ്ങള്‍ തുടരുന്നതിനാല്‍ മലിനീകരണം രൂക്ഷമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജിആര്‍എപി 1 നിയന്ത്രണങ്ങള്‍ കഴിഞ്ഞയാഴ്ച നടപ്പാക്കിയിരുന്നു. ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാമെന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് ആശങ്കപ്പെടുത്തുന്ന രീതിയിലേക്ക് മലിനീകരണം വര്‍ധിച്ചത്. മലിനീകരണം രൂക്ഷമായാല്‍ ക്ലൗഡ് സീഡിങ്ങിലൂടെ കൃത്രിമ മഴ പെയ്യിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ഡല്‍ഹി സർക്കാര്‍ പരിഗണിക്കുന്നുണ്ട്.
വായുമലിനീകരണം രൂക്ഷം;ഡല്‍ഹിയില്‍ ഗ്രാപ്പ് 2 നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

