സംസ്ഥാന സർക്കാർ തൊഴിലാളികളുടെ തൊഴിലും കൂലിയും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജനുവരി 17ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം എഐടിയുസി സംഘടിപ്പിച്ച മേഖലാ ജാഥകള്‍ക്ക് ഉജ്വല സമാപനം.
തെക്കന്‍ മേഖലാ ജാഥ ഇന്നലെ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്വീകരണങ്ങള്‍ക്കുശേഷം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സമാപിച്ചു. ഉജ്വല പ്രകടനത്തോടെയാണ് ജാഥയെ സമാപനകേന്ദ്രത്തിലേക്ക് സ്വീകരിച്ചത്. സമാപനസമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.
ജാഥാ ക്യാപ്റ്റനും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ പി രാജേന്ദ്രന്‍, വൈസ് ക്യാപ്റ്റൻ സി പി മുരളി, ഡയറക്ടർ ആർ സജിലാൽ, ജാഥാ അംഗങ്ങളായ വാഴൂർ സോമൻ എംഎൽഎ, കെ എസ് ഇന്ദുശേഖരൻ നായർ, പി വി സത്യനേശൻ, വി ബി ബിനു, ഗോവിന്ദൻ പള്ളിക്കാപ്പിൽ, എം ജി രാഹുൽ, ജി ലാലു, എ ശോഭ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, നേതാക്കളായ സോളമൻ വെട്ടുകാട്, മീനാങ്കൽ കുമാർ, ജയശ്ചന്ദ്രൻ കല്ലിംഗൽ, സി ഉദയകല തുടങ്ങിയവർ സംസാരിച്ചു.
തൃശൂര്‍ ജില്ലയിലെ വിവിധ സ്വീകരണങ്ങള്‍ക്കുശേഷം വടക്കന്‍ ജാഥയുടെ സമാപന സമ്മേളനം ദേശീയ സെക്രട്ടറി ആർ പ്രസാദ് ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റൻ സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ്, വൈസ് ക്യാപ്റ്റൻ കെ കെ അഷ്റഫ്, ഡയറക്ടർ കെ ജി ശിവാനന്ദൻ, ജാഥാ അംഗങ്ങളായ താവം ബാലകൃഷ്ണൻ, കെ വി കൃഷ്ണൻ, കെ സി ജയപാലൻ, എലിസബത്ത് അസീസി, പി സുബ്രഹ്മണ്യൻ, സി കെ ശശിധരൻ, പി കെ മൂർത്തി, ചെങ്ങറ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
രാവിലെ ജാഥയെ ചേലക്കരയില്‍ വച്ച് സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ കെ വത്സരാജിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. നാല് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി.
ജനുവരി 17ന് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു ലക്ഷം തൊഴിലാളികളെ അണിനിരത്തി നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ മുന്നോടിയായാണ് എഐടിയുസി രണ്ട് മേഖലകളില്‍ പ്രക്ഷോഭ ജാഥ ആരംഭിച്ചത്.