Site iconSite icon Janayugom Online

സ്ഥാനമോഹം: കോൺഗ്രസിൽ വടംവലി മുറുകി

തദ്ദേശ തെരഞ്ഞെടുപ്പിൽ കരപറ്റിയ ഇടങ്ങളിൽ യുഡിഎഫിൽ, പ്രത്യേകിച്ച് കോൺഗ്രസിൽ നേതൃസ്ഥാനം ഉന്നമിട്ടുള്ള വടംവലി മുറുകി. സ്ഥാനാർത്ഥി നിർണയ സമയത്തുണ്ടായതിനെക്കാൾ വലിയ തലവേദനയാണ് ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വം നേരിടുന്നത്. ഗ്രാമ പഞ്ചായത്തുകൾ തൊട്ട് ജില്ലാ പഞ്ചായത്ത് ‑കോർപ്പറേഷൻ തലങ്ങളിൽ വരെ നേതൃ പദവിക്കായി കടിപിടിയും ചരടുവലിയും ചാക്കിടലും തകൃതിയാണ്. ജാതിയും മതവും പാർട്ടിയിലെ പാരമ്പര്യവും മുകളിലുള്ള സ്വാധീനവുമൊക്കെ സ്ഥാനമോഹികൾ ഓരോരുത്തരും തരാതരം പോലെ പയറ്റുന്നുണ്ട്. മേയർ സ്ഥാനത്തേക്ക് വനിതാസംവരണമുള്ള കൊച്ചി കോർപ്പറേഷനിൽ നാലു പേരാണ് അവകാശ വാദങ്ങളുമായി കൊമ്പ് കോർക്കുന്നത്. നാലിൽ മൂന്നുപേർ ലത്തീൻ സമുദായാംഗങ്ങളും ഒരാൾ നായർ സമുദായാംഗവുമാണ്. മേയർ സ്ഥാനം ലത്തീൻ സമുദായത്തിനെങ്കിൽ ഡപ്യൂട്ടി മേയർ സ്ഥാനം കിട്ടിയേ തീരൂ എന്ന വാശിയിലാണ് നായർ സമുദായം. മേയർ സ്ഥാനത്തേക്ക് പോരടിക്കുന്ന മൂന്നുപേരിൽ ആരെ കൊള്ളും ആരെ തള്ളും എന്നതാണ് നേതൃത്വത്തെ കുഴയ്ക്കുന്ന പ്രശ്നം. മൂന്നുപേരും പ്രവർത്തന പാരമ്പര്യവും സമുദായ പിൻബലവും അവകാശപ്പെടുന്നവരുമാണ്. എന്നാൽ, ഇതിനിടയിലും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ കണ്ടെത്താൻ ഇക്കുറി തല പുകയ്ക്കേണ്ടതില്ല എന്നതാണ് നേതൃത്വത്തിന് ആശ്വാസം പകരുന്ന ഏക കാര്യം. എസ് സി — എസ് ടി സംവരണമാണ് ഇക്കുറി. കോൺഗ്രസിൽ ആ വിഭാഗത്തിൽ നിന്ന് ആകെക്കൂടി ഒരാളേ ജയിച്ചു വന്നിട്ടുള്ളൂ. അത് നൽകുന്ന ആശ്വാസം ചില്ലറയല്ല. അതേസമയം, വൈസ് പ്രസിഡണ്ട് പദവി വനിതകൾക്കാണ്. അവിടെ, കടിപിടി മുറുകിയിട്ടുണ്ട്. 

കൊച്ചിക്ക് പുറമെ തൃശൂർ, കണ്ണൂർ കോർപ്പറേഷനുകളിലും വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലാ പഞ്ചായത്തുകളിലും മേയർ — പ്രസിഡണ്ട് സ്ഥാനങ്ങളിലേക്ക് അവകാശ വാദവുമായി ഒന്നിലധികം പേർ രംഗത്തുണ്ട്. തൃശൂർ കോർപ്പറേഷനിൽ നാല് വനിതകളാണ് പോരടിക്കുന്നത്. കണ്ണൂർ കോർപ്പറേഷനിലും രണ്ടു പേരുണ്ട്. വയനാട് ജില്ലാ പഞ്ചായത്തിൽ മൂന്നുപേർ പരിഗണനാ പട്ടികയിൽ തന്നെയുണ്ട്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ പ്രസിഡണ്ട് പദത്തിനായി രണ്ടുപേരാണ് രംഗത്തുള്ളത്. വാശിയോടെ നിലയുറപ്പിച്ചിരിക്കുന്ന സ്ഥാനമോഹികളിൽ ആർക്ക് നേതൃ പദവി നൽകിയാലും മറ്റുള്ളവർ വട്ടമിടയും. അപ്പോൾ പിന്നെ, ഊഴം വച്ച് അധികാരം വീതിച്ചുനൽകുക എന്നത് മാത്രമേ കരണീയമായിട്ടുള്ളൂ. കോട്ടയത്തും ഇടുക്കിയിലും കോൺഗ്രസും ജോസഫ് കേരളാ കോൺഗ്രസും തമ്മിലാണ് തർക്കം. ആർക്കാണ് ആദ്യ ഊഴം, എത്ര വർഷമാണ് വീതംവയ്പ്കാലം എന്നീ കാര്യങ്ങളിലാണ് ഭിന്നത. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ, അണികളുടെ വാശിക്ക് വഴങ്ങി ഘടക കക്ഷിയെ പിണക്കാനും കോൺഗ്രസിന് ധൈര്യമില്ല. പാർട്ടിക്കാർക്കായാലും ഘടകകക്ഷികൾക്കായാലും ഊഴം വച്ച് പദവി നൽകുമ്പോൾ എഴുതി മേടിക്കണമെന്നാണ് കെപിസിസി നിഷ്കർഷിച്ചിരിക്കുന്നത്. എഴുതി മേടിച്ചാൽപ്പോലും ഇത്തരം ഉറപ്പുകൾ അധികാരത്തിലെത്തുന്നവർ ലംഘിക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന പൊല്ലാപ്പും എറണാകുളത്ത് അടക്കം മുന്നനുഭവമാകയാൽ കോൺഗ്രസ് നേതൃത്വത്തിന് വീതംവയ്പ് രീതിയോട് വലിയ താല്പര്യമില്ല. പക്ഷേ, സ്ഥാനമോഹികൾ നേർക്കുനേർ നിൽക്കുന്നിടത്ത് നിസഹായതോടെ സമ്മതം മൂളുകയല്ലാതെ മറ്റ് മാർഗവുമില്ല. താഴെത്തട്ടിലെ തദ്ദേശ സമിതികളിലെ കാര്യം തദ്ദേശീയമായി പരിഹരിക്കണമെന്നാണ് നേതൃത്വത്തിന്റെ നിർദ്ദേശമെങ്കിലും, സ്ഥാനാർത്ഥി നിർണയത്തിലെന്നപോലെ ഗ്രാമ പഞ്ചായത്തുകളിലെ തർക്കത്തിൽപ്പോലും നേതൃത്വത്തിന് ഇടപെടേണ്ടിവരും. ഭരണം ലഭിച്ച നഗരസഭകളും ബ്ലോക്ക് പഞ്ചായത്തുകളും ഉൾപ്പെടെ ഒട്ടേറെ തദ്ദേശ സമിതികളിൽ നേതൃസ്ഥാനത്തിനായി വടംവലി രൂക്ഷമാണ്. 

Exit mobile version