തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം. തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ സ്വാതന്ത്ര്യം കേന്ദ്ര സര്‍ക്കാരിന്റെ വാമൊഴി മാത്രമാണെമെന്നും എട്ട് വര്‍ഷത്തിനിടെയുള്ള കമ്മിഷണര്‍മാരുടെ കാലാവധി ഇതിനു തെളിവാണെന്നും ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷണർമാർക്ക് പ്രവർത്തന സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. കമ്മിഷണർമാരുടെ നിയമനത്തിനായി സർക്കാരിന്റെ നിയന്ത്രണത്തിന് പുറത്തുള്ള സ്വതന്ത്ര, നിഷ്പക്ഷ സംവിധാനം രൂപീകരിക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചിരുന്നു. ഹര്‍ജിയില്‍ വാദം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ മൂന്നാം തെരഞ്ഞെടുപ്പ് കമ്മിഷണറായി തിടുക്കത്തില്‍ നിയമച്ചതിനെക്കുറിച്ച് കോടതിക്ക് സാമാന്യബോധമുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമമനുസരിച്ചുള്ള ആറ് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കാന്‍ 2004 ന് ശേഷം മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അനുവദിക്കുന്നില്ലെന്നും ജസ്റ്റിസ് ജോസഫ് പറഞ്ഞു. യുപിഎ സര്‍ക്കാരിന് എട്ട് വര്‍ഷത്തിനിടെ ആറ് കമ്മിഷണര്‍മാരാണ് ഉണ്ടായിരുന്നത്. നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം, 2015 മുതല്‍ 2022 വരെ എട്ട് കമ്മിഷണര്‍മാരെ നിയമിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമത്തിലെ നാലാം വകുപ്പ് അനുസരിച്ച് കമ്മിഷണര്‍മാരുടെ കാലാവധി ആറ് വര്‍ഷമോ 65 വയസുവരെയോ ആണ്.
പ്രായപരിധിക്കടുത്തെത്തിയവരെ മാത്രമാണ് ഇപ്പോള്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇത് വളരെ മോശം പ്രവണതയാണ്. 324ാം വകുപ്പ് പ്രകാരമുള്ള ഭരണഘടനാ സംരക്ഷണം പോലും കാലാവധി തികയ്ക്കാനാവാത്തനിനാല്‍ കമ്മിഷണര്‍മാര്‍ക്ക് ലഭിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
എട്ട് വർഷവും 273 ദിവസവും സേവനമനുഷ്ഠിച്ച ആദ്യ സിഇസി സുകുമാർ സെൻ മുതൽ 24-ാമത് സിഇസി സുശീൽ ചന്ദ്ര വരെയുള്ള എല്ലാ സിഇസിമാരുടെയും കാലാവധിയെക്കുറിച്ച് താൻ വ്യക്തിപരമായി ഗവേഷണം നടത്തിയിട്ടുണ്ടെന്നും ജസ്റ്റിസ് ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിക്കുന്നതിൽ ശ്രീലങ്ക, നേപ്പാൾ, പാകിസ്ഥാൻ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിലവിലുള്ള ഭരണഘടനാ സംവിധാനങ്ങളെക്കുറിച്ചും കോടതി പരാമർശിച്ചു.
English Summary: Appointment of Election Commissioner; Supreme Court criticizes the Central government
You may also like this video