ഭക്ഷണം നമ്മുടെ ശരീരത്തിന് ഇന്ധനം മാത്രമല്ല, മനസിന് സന്തോഷവും പകരുന്നുണ്ട്. സമ്മർദം നിറഞ്ഞ അല്ലെങ്കിൽ വിരസമായ ഒരു ദിവസത്തിലെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ നല്ല ഭക്ഷണത്തിന് കഴിയും. തിരക്കേറിയ ഷെഡ്യൂളിൽ നിന്നുള്ള ഒരുതരം രക്ഷപ്പെടലാണ്. ഓരോരുത്തർക്കും അവരുടേതായ രുചിയും ഭക്ഷണത്തിന്റെ തെരഞ്ഞെടുപ്പ്ം ഉണ്ട്. എന്നാൽ സങ്കടം വന്നാലും സന്തോഷം വന്നാലും അമിതമായി ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ശ്രദ്ധിക്കണം. അതിന് പിന്നിൽ പ്രവർത്തിക്കുന്ന ഒരു വില്ലനുണ്ട്. ഇതൊരു സാധാരണ വിശപ്പല്ല, ഇതൊരു മാനസികാവസ്ഥയാണ്. കാരണം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഗുരുതരമായ ഒരു ഈറ്റിങ് ഡിസോർഡർ ആയ ബുളീമിയ നെർവോസയാണിത്. ‘അതിശക്തമായ വിശപ്പ്’ എന്ന് അർത്ഥംവരുന്ന ‘ബൗളിമിയ’ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഈ വാക്ക് ഉണ്ടായത്.
അമിതമായി ഭക്ഷണം കഴിച്ച ശേഷം ഛർദ്ദിയിലൂടെയോ അല്ലാതെയോ അത് മനഃപൂർവം പുറംതള്ളുന്നതും ഈ മാനസികാവസ്ഥയുടെ പ്രത്യേകതയാണ്. ഒരു ചെറിയ സമയത്തിനുള്ളിൽ, നിയന്ത്രണമില്ലാതെ ഒരുപാട് ഭക്ഷണം കഴിക്കുന്നു. പക്ഷെ ഇത് വിശപ്പിന്റെ പേരിലല്ല മറിച്ച് സമ്മർദ്ദം, വിഷാദം, ഏകാന്തത തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നുള്ള ഒരു താൽക്കാലിക ആശ്വാസമായിട്ടാണ് പലരും ഇതിനെ കാണുന്നത്. ബുളിമിയ ബാധിച്ച പലരും വൈദ്യസഹായം തേടാറില്ല. ചില പഠനങ്ങൾ അനുസരിച്ച്, സ്ത്രീകളിൽ ബുളിമിയ ഉണ്ടാകുന്നത് പുരുഷന്മാരേക്കാൾ 2 മടങ്ങ് കൂടുതലാണ്. ബുളിമിയ നെർവോസയുടെ കൃത്യമായ കാരണം അജ്ഞാതമാണ്.
ഭക്ഷണം കഴിക്കുന്നത് തലച്ചോറിലെ ഒരു ന്യൂറോ ട്രാൻസ്മിറ്ററായി പ്രവർത്തിക്കുന്ന ഹോർമോണായ ഡോപാമൈനെ പുറത്ത് വിടാൻ സഹായിക്കുന്നുണ്ട്. ഓർമ്മശക്തി, ശ്രദ്ധ, തുടങ്ങിയവയ്ക്ക് തലച്ചോറിനെ സഹായിക്കുന്നു. മതിയായ ഡോപാമൈൻ അളവ് ശരീരത്തിന് വളരെ പ്രധാനമാണ്. ഡോപാമൈനിന്റെ അഭാവം വിഷാദരോഗം, പാർക്കിൻസൺസ് രോഗം തുടങ്ങിയവയ്ക്ക് കാരണമാകും. ഭക്ഷണക്രമം സന്തോഷത്തിലും ആരോഗ്യത്തിലും കാര്യമായ സ്വാധീനം ചെലുത്തും. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് മാനസികാവസ്ഥ വർധിപ്പിക്കാൻ സഹായിച്ചേക്കാം. അമിനോ ആസിഡുകളാൽ സമ്പന്നമായ ഭക്ഷണങ്ങളും ഡോപാമൈൻ ഉല്പാദനം വര്‍ധിപ്പിക്കുന്നു. ‘ഹാപ്പി ഹോർമോൺ’ എന്ന് വിളിക്കുന്ന ‘ഡോപാമൈൻ’ ന്റെ അളവ് കൂട്ടാൻ ഡയറ്റിൽ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം.

