ലോകത്ത് സാമൂഹ്യ മാറ്റത്തിന് വിപ്ലവകരമായ പങ്ക് വഹിച്ചിട്ടുള്ളവരാണ് കലാകാരന്മാരും നാടക പ്രസ്ഥാനവുമെന്ന് പ്രൊഫ. എം കെ സാനു. ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) സംസ്ഥാന സമ്മേളനം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലെ രൺബീർ സിങ് നഗറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലെത്താൻ വഴിയൊരുക്കിയതിൽ കെപിഎസിക്കും തോപ്പിൽ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിനും മുഖ്യ പങ്കുണ്ട്. സംഘർഷഭരിതമായ മനുഷ്യ മനസുകളെ സാംസ്കാരിക സമ്പന്നമാക്കുന്ന മാധ്യമമാണ് നാടകമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കാലഘട്ടത്തിൽ ശരിയുടെ വെളിച്ചം പകരാൻ ഇപ്റ്റക്കും കലാകാരന്മാർക്കും ഉത്തരവാദിത്തമുണ്ടെന്നും സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ മനുഷ്യരെ ഒരേ മനസോടെ അണിനിരത്താൻ പരിശ്രമിച്ച പ്രസ്ഥാനത്തിന് ഇനിയും കൂടുതൽ ചുമതല നിർവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയർപേഴ്സൺ കമലാ സദാനന്ദൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയായി. ഇപ്റ്റ ദേശീയ കമ്മിറ്റി അംഗവും നാടക പ്രവർത്തകയുമായ ഷേർളി സോമസുന്ദരൻ, ദേശീയ വൈസ് പ്രസിഡന്റ് ടി വി ബാലൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എൻ ബാലചന്ദ്രൻ, ചലച്ചിത്ര താരങ്ങളായ ഇ എ രാജേന്ദ്രൻ, എൻ കെ കിഷോർ, ബൈജു ചന്ദ്രൻ, സംസ്ഥാന സെക്രട്ടറി ആർ ജയകുമാർ, ജില്ലാ സെക്രട്ടറി എൻ ആർ സുധാകരൻ എന്നിവർ സംസാരിച്ചു.ശ്രീകല മോഹൻദാസും സംഘവും അവതരിപ്പിച്ച തിരുവാതിരയും കലാജാഥാ പര്യടനത്തിന്റെ സമാപനവും സംഘാംഗങ്ങളുടെ പരിപാടികളും നാടകവും അരങ്ങേറി. ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങിന്റെ “നാട്ടുപാട്ട് തിറയാട്ടം” നാടൻപാട്ട് ദൃശ്യകലാമേള അരങ്ങേറി.
നാളെ രാവിലെ പ്രതിനിധി സമ്മേളനം എറണാകുളം കച്ചേരിപ്പടി ആശീർഭവൻ ഹാളിലെ ടി എസ് സന്തോഷ് കുമാർ നഗറിൽ നടക്കും. രാവിലെ 9.30ന് ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡന്റും വിപ്ലവ ഗായികയുമായ പി കെ മേദിനി പതാക ഉയർത്തും. 10ന് പ്രതിനിധി സമ്മേളനം കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. ദേശീയ വൈസ് പ്രസിഡന്റ് ടി വി ബാലൻ അധ്യക്ഷത വഹിക്കും. നാടകപ്രവര്‍ത്തകന്‍ ടി എം എബ്രഹാം, ചലച്ചിത്ര, നാടക നടനും ഇപ്റ്റ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ സി പി മനേക്ഷാ എന്നിവർ പ്രഭാഷണം നടത്തും. ബാബു ഒലിപ്രം, ശുഭ വയനാട് എന്നിവരുടെ ഏകപാത്ര നാടകവും അരങ്ങേറും. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എൻ ബാലചന്ദ്രൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.
English Summary: Artists contributed to social change: MK Sanu
You may also like this video