നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കില്ലെന്ന് പരസ്യമായി സൂചന നൽകി പി വി അൻവർ. ഷൗക്കത്ത് സ്ഥാനാർത്ഥി ആയാൽ അൻവർ മത്സരിക്കാൻ നീക്കം ശക്തമാക്കി. ആര്യാടൻ ഷൗക്കത്തിന് പകരം മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ്‌യുടെ പേരാണ് അൻവർ മുന്നോട്ടുവെച്ചത്. എന്നാൽ ഇത് കോൺഗ്രസ് നേതൃത്വം മുളയിലേ നുള്ളി. നിലമ്പൂര്‍ മണ്ഡലത്തിലെ ആര്യാടൻ മുഹമ്മദിന്റെ കുത്തക അവസാനിപ്പിച്ചാണ് പി വി അന്‍വര്‍ നിലമ്പൂര്‍ സ്വന്തമാക്കിയത്. 1980 മതല്‍ 2016 വരെ ആര്യാടന്‍ മുഹമ്മദ് വിജയിച്ചിരുന്ന മണ്ഡലം കോണ്‍ഗ്രസിന്റെ കൈയില്‍നിന്നും എല്‍ഡിഎഫിനുവേണ്ടി തിരിച്ചുപിടിച്ചത് അന്‍വര്‍ ആയിരുന്നു. ഇനിയും അവിടെ ആര്യാടന്‍ കുത്തക തിരിച്ചുവരുമോ എന്ന ആശങ്കയിലാണ് അൻവർ.
വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് താൻ മുന്നോട്ടുവെച്ച വിഷയം നന്നായി ഏറ്റെടുത്ത് ചെയ്യാന്‍ യോഗ്യതയുള്ള സ്ഥാനാർത്ഥി വി എസ് ജോയ് ആണെന്ന് അൻവർ പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഒരു ക്രിസ്ത്യന്‍ യുഡിഎഫ് എംഎല്‍എ പോലുമില്ല, 20% പ്രാതിനിധ്യമുള്ള ക്രിസ്ത്യന്‍ സമുദായത്തില്‍നിന്ന് ഒരു എംഎല്‍എ പോലുമില്ല എന്ന വിഷയം അവര്‍ ഉന്നയിച്ചിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചുകൊണ്ടാണ് ജോയിയുടെ പേര് നിര്‍ദേശിച്ചതെന്നും അന്‍വര്‍ പറഞ്ഞു. താന്‍ ഒരു സാധാരണ പ്രവര്‍ത്തകനാണെന്നും സ്ഥാനാര്‍ഥി നിര്‍ണയം പോലെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് വലിയ നേതാക്കളല്ലേയെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് അന്‍വര്‍ പറഞ്ഞു. നിലമ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഏത് ചെകുത്താനാണെങ്കിലും തന്റെ പിന്തുണയുണ്ടാകും എന്നാണ് അന്‍വര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, ആര്യാടന്‍ ഷൗക്കത്തിന്റെ പേര് ഉയര്‍ന്നുവന്നതോടെ, നിലപാട് മാറ്റി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് അന്‍വര്‍.

