Site iconSite icon Janayugom Online

കര്‍ണാടകയില്‍ കോടീശ്വരന്മാരുടെ നിയമസഭ

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ ശരാശരി ആസ്തി 64.4 കോടി രൂപയാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിസര്‍ച്ച്. 224 എംഎല്‍എമാരാണ് കര്‍ണാടകയിലുള്ളത്. ശരാശരി 28 കോടി രൂപ ആസ്തിയുമായി ആന്ധ്രാപ്രദേശ് എംഎല്‍എമാരാണ് രണ്ടാമത്. ശരാശരി 22.42 കോടി രൂപ ആസ്തിയുള്ള മഹാരാഷ്ട്ര എംഎല്‍എമാരാണ് മൂന്നാമത്.

കര്‍ണാടകയിലെ പുതിയ നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തന്നെയാണ് ആസ്തിയിലും മുന്നില്‍. 67.13 കോടി രൂപയാണ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ ശരാശരി ആസ്തി. ബിജെപിയുടേത് 44.4 കോടി രൂപ. ജെഡിഎസിന്റേത് 46 കോടി രൂപ.

കോണ്‍ഗ്രസ് നേതാവും നിയുക്ത ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാര്‍ ആണ് കര്‍ണാടക എംഎല്‍എമാരില്‍ ഏറ്റവും സമ്പന്നന്‍; ആസ്തി 1,413 കോടി രൂപ. മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയായ പ്രിയ കൃഷ്ണയുടെ ആസ്തി 1,156 കോടി രൂപ. ഇവരെ ഒഴിവാക്കിയാല്‍, മറ്റ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ ശരാശരി ആസ്തി 48.5 കോടി രൂപയാണ്.

2018ല്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെടുകയും 2023ല്‍ വീണ്ടും ജയിക്കുകയും ചെയ്ത കര്‍ണാടക എംഎല്‍എമാരുടെ ആസ്തിയിലുണ്ടായിട്ടുള്ളത് വന്‍ വളര്‍ച്ചയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2018ല്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ശരാശരി ആസ്തി 53 കോടി രൂപയായിരുന്നത് 2023ല്‍ 90 കോടി രൂപയായി. ബിജെപിയുടേത് 27 കോടി രൂപയില്‍ നിന്ന് 46 കോടി രൂപയിലെത്തി. 54 കോടി രൂപയില്‍ നിന്ന് 75 കോടി രൂപയായാണ് വീണ്ടും ജയിച്ച ജെഡിഎസ് എംഎല്‍എമാരുടെ ശരാശരി ആസ്തി.

കര്‍ണാടകയിലെ പുതിയ എംഎല്‍എമാരില്‍ അഞ്ച് കോടി രൂപയ്ക്കുമേല്‍ ആസ്തിയുള്ളവര്‍ 81 ശതമാനം വരും. 50 ലക്ഷം രൂപയ്ക്ക് താഴെ ആസ്തിയുള്ളവര്‍ വെറും ഒരു ശതമാനമാണ്. 14 ശതമാനം പേര്‍ക്ക് രണ്ടുകോടിക്കും അഞ്ചുകോടിക്കും മധ്യേ ആസ്തിയുണ്ട്. 50 ലക്ഷത്തിനും രണ്ടുകോടി രൂപയ്ക്കും മധ്യേ ആസ്തിയുള്ളവര്‍ നാല് ശതമാനമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

 

Eng­lish Sam­mury: Assem­bly of mil­lion­aires in Kar­nata­ka, DK Sivaku­mar is the first runner-up

Exit mobile version