ബിജെപി വക്താവും സംസ്ഥാന കമ്മിറ്റിയംഗവുമായ സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം വൈകിയത് ഹൈക്കമാൻഡ് നിലപാട് മൂലം. കോൺഗ്രസിന് ഉറപ്പായും വിജയിക്കുവാൻ കഴിയുന്ന നിയമസഭാ സീറ്റ് തനിക്ക് നൽകണം എന്ന ആവശ്യമാണ് സന്ദീപ് വാര്യർ നേതാക്കൾക്ക് മുന്നിൽ വെച്ചത്. എന്നാൽ ഈ ആവശ്യം തുടക്കത്തിലേ തള്ളിയ ഹൈക്കമാൻഡ് ഉപാധികളില്ലാതെ പാർട്ടിയിൽ ചേരാനായിരുന്നു നിർദേശിച്ചത്. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിന്റെ തോൽവി മണത്തതോടെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇടപെട്ട് വി കെ ശ്രീകണ്ഠൻ എംപിയെ സന്ദീപുമായി ചർച്ചനടത്താൻ ചുമതലപ്പെടുത്തുകയായിരുന്നു.
തൃശൂർ അല്ലെങ്കിൽ പാലക്കാട് ജില്ലയിലെ ഒരു സീറ്റ് നൽകാമെന്നാണ് സന്ദീപിനെ ഇന്നലെ രാത്രി കോൺഗ്രസ് നേതൃത്വം അറിയിച്ചത് . നിയമസഭാ സീറ്റ് ഏത് നൽകുമെന്നുള്ളത് പിന്നീട് ചർച്ച ചെയ്യാമെന്നാണ് സന്ദീപും കോൺഗ്രസ് നേതാക്കളുമായുള്ള അന്തിമ ധാരണ. സന്ദീപിന്റെ ബിജെപി ബന്ധം രാഹുൽ മാങ്കൂട്ടത്തിന് വോട്ടായി വീഴുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം . ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ് വാര്യർ. രാവിലെ എണീറ്റുകഴിഞ്ഞാൽ വൈകുന്നേരം വരെ വെറുപ്പ് മാത്രം ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയാണ് ബിജെപി എന്ന് സന്ദീപ് വാര്യർ കുറ്റപ്പെടുത്തി.
പ്രതീക്ഷിച്ച പിന്തുണയും കരുതലും ആ സംവിധാനത്തിൽ ഉണ്ടായിരുന്നില്ല. ബിജെപി ഒറ്റപ്പെടുത്തുകയും വേട്ടയാടുകയും ചെയ്തു. ശ്രീനിവാസൻ കൊലപാതകം നടന്ന സമയത്ത് ഏറ്റവും കൂടുതൽ സുരക്ഷാഭീഷണി ഉണ്ടായിരുന്ന ആളായിരുന്നു താൻ. എന്നാൽ ആ കൊലപാതകം നടന്ന ഉടൻ ബിജെപി നേതാക്കൾക്കെല്ലാം മാറിനിൽക്കാൻ സന്ദേശം വന്നപ്പോൾ പാർടി തനിക്ക് സന്ദേശമയച്ചില്ല. കൊല്ലപ്പെടുകയാണെങ്കിൽ താൻ കൊല്ലപ്പെടട്ടെ എന്ന് പാർടി കരുതിയെന്നും സന്ദീപ് മാധ്യമങ്ങളോട് പറഞ്ഞു .
ആർഎസ്എസ് വിശേഷസമ്പർക്ക് പ്രമുഖ് എ ജയകുമാർ ഉള്‍പ്പെടെയുള്ളവർ സന്ദീപിനെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു . ബിജെപിയിൽ നിന്ന് വിട്ടുപോകുമെന്ന് ഒരുഘട്ടത്തിലും പറഞ്ഞിട്ടില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് വാര്യർ പ്രതികരിച്ചിരുന്നു . പിന്നീട് കോൺഗ്രസിൽ നിന്ന് നിയമസഭാ സീറ്റ് ഉറപ്പായതോടെയാണ് സന്ദീപിന്റെ മനം മാറ്റം .