150 വര്‍ഷത്തെ പാരമ്പര്യമുള്ള സെക്രട്ടേറിയറ്റില്‍ ഇനിമുതല്‍ ഹാജര്‍ പുസ്തകം (അറ്റന്റൻസ് രജിസ്റ്റര്‍) ഇല്ല. സെക്രട്ടേറിയറ്റിൽ സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിങ് സംവിധാനം പൂർണമായും നടപ്പിലാക്കിയതിനെ തുടര്‍ന്നാണ് തീരുമാനം.
അതേസമയം, ബയോമെട്രിക്ക് പഞ്ചിങ് സംവിധാനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുളള ജീവനക്കാര്‍ തുടര്‍ന്നും ഹാജര്‍ പുസ്തകത്തിൽ തന്നെ ഒപ്പ് രേഖപ്പെടുത്തണമെന്ന് പൊതുഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവില്‍ വ്യക്തമാക്കി. ദിവസവേതനക്കാർ, ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർ അടക്കമുള്ളവർ എന്നിവർക്കാണ് ഇളവ്. സെക്രട്ടേറിയറ്റിൽ ചീഫ് സെക്രട്ടറി ഒഴികെ എല്ലാ ഉദ്യോഗസ്ഥർക്കും ബയോമെട്രിക് പഞ്ചിങ് നിർബന്ധമാക്കി കഴിഞ്ഞ വർഷം മേയിൽ സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
ബയോമെട്രിക് സംവിധാനം പൂര്‍ണമായി ഏര്‍പ്പെടുത്തിയെങ്കിലും ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള ഗ്രേസ് ടൈം തുടരും. രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെയാണ് സെക്രട്ടേറിയറ്റിലെ പ്രവര്‍ത്തന സമയം. പ്രതിമാസം 300 മിനിട്ടാണ് നിലവിലെ ഗ്രേസ് ടൈം. ഒരു മണിക്കൂര്‍ വരെ വൈകിയാല്‍ ശമ്പളം നഷ്ടപ്പെടില്ല. ഇത്തരത്തില്‍ മൂന്ന് ദിവസം മാത്രമേ ഒരു മണിക്കൂര്‍ വൈകാനാവൂ. പിന്നീടുള്ള ദിവസങ്ങളില്‍ വൈകിയാല്‍ ജോലി ചെയ്താലും അത് കാഷ്വല്‍ ലീവില്‍ കുറയ്ക്കും.
സെക്രട്ടേറിയറ്റിന് പുറത്തെ ഓഫിസുകളില്‍ ബയോമെട്രിക് പഞ്ചിങ് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് ശമ്പള വിതരണ സോഫ്റ്റ്‌വേറായ സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിട്ടില്ല. അതിനാല്‍ വൈകി വന്നാലും ശമ്പളം നഷ്ടമാകുന്ന സാഹചര്യം നിലവിലില്ല. ഉടൻ തന്നെ ഇവിടങ്ങളിലും ഈ സംവിധാനം നിലവില്‍ വരും. സെക്രട്ടേറിയറ്റില്‍ ജീവനക്കാരുടെ പോക്കുവരവ് നിയന്ത്രിക്കാൻ അക്സസ് കണ്‍ട്രോള്‍ സംവിധാനം ഏര്‍പ്പെടുത്താൻ തീരുമാനിച്ചെങ്കിലും സ്പാര്‍ക്കുമായി ബന്ധപ്പെടുത്തുന്നതിനെതിരെ സംഘടനകളുടെ എതിര്‍പ്പുള്ളതിനാല്‍ മരവിപ്പിച്ചിരിക്കുകയാണ്.