രാജ്ഭവനിലെ സർക്കാർ പരിപാടിയിൽ വീണ്ടും ഭാരതാംബ ചിത്രം വെച്ചതോടെ ചടങ്ങ് ബഹിഷ്‌കരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
സ്‌കൗട്‍സ് ആന്‍ഡ് ഗൈഡ്‌സ് പരിപാടിയില്‍ ആശംസ അറിയിച്ചശേഷം മന്ത്രി പോകുകയായിരുന്നു. രാജ്ഭവനില്‍നിന്നുള്ള അറിയിപ്പില്‍ ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നും അവിടെ ചെല്ലുമ്പോഴാണ് ഭാരതാംബയുടെ ചിത്രം വച്ചിരിക്കുന്നത് കണ്ടതെന്നും ശിവന്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് പ്രസംഗത്തില്‍ സര്‍ക്കാര്‍ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചത് ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരും രാജ്ഭവനും സംയുക്തമായി നടത്തുന്ന പരിപാടിയില്‍ ഇത്തരം രാഷ്ട്രീയ ചിഹ്നങ്ങള്‍ ബോധ്യപ്പെടുന്ന ചിത്രം വച്ച് വിളക്കു കത്തിക്കുന്നത് ശരിയല്ലെന്നും അതില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു. രാജ്ഭവനെ രാഷ്ട്രീയ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ഇന്ത്യ എന്റെ രാജ്യമാണ്. ഭരണഘടനയാണ് രാജ്യത്തിന്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്രസങ്കല്‍പ്പവും അതിനു മുകളില്‍ അല്ല എന്ന് പ്രിയപ്പെട്ട കുട്ടികളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.

