Site iconSite icon Janayugom Online

ആഗോള ക്രൂഡോയില്‍ വിലയില്‍ വന്‍ ഇടിവ്; ഇന്ത്യയില്‍ ഇരട്ടി വില

ആഗോള വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ ബാരലിന് 40 മുതല്‍ 50 ശതമാനം വരെ ഇടിവ്. അതേസമയം രാജ്യത്ത് ഇരട്ടിവില. ലോകത്ത് ഏറ്റവുമധികം തുക ചെലവാക്കി ഇന്ധനം വാങ്ങുന്ന രാജ്യമായി ഇന്ത്യ തുടരുന്നു. ബാരലിന് 94 ഡോളര്‍ വരെയുണ്ടായിരുന്ന ആഗോള വില ഇപ്പോള്‍ 75 ഡോളറില്‍ താഴെയാണ്. വരും മാസങ്ങളില്‍ വില ഇനിയും കുറഞ്ഞേക്കുമെന്നും ജൂലൈയില്‍ ഇത് നാല് ശതമാനത്തിലധികം കുറഞ്ഞ് 69.54 ഡോളറിന് വ്യാപാരം നടക്കുമെന്നും വിലയിരുത്തലുണ്ട്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 73.31 ഡോളറായി കുറഞ്ഞപ്പോൾ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) എണ്ണവില ബാരലിന് 70 ഡോളറില്‍ താഴെയെത്തി. എന്നാല്‍ എണ്ണക്കമ്പനികള്‍ ആനുപാതികമായി ഇന്ധനവിലയിൽ മാറ്റം വരുത്തിയിട്ടില്ല. ആഗോള ക്രൂഡോയില്‍ വിലയിലെ ഉയര്‍ച്ചയ്ക്ക് ആനുപാതികമായി ഇന്ധനങ്ങള്‍ക്ക് വില കൂടാറുണ്ടെങ്കിലും വിലക്കുറവിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കാത്ത സ്ഥിതിയാണ്. എന്നാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധമാണ് ഇന്ധന വില നിജപ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് പൂരി ന്യായീകരിച്ചു. പൊതുമേഖല ഏണ്ണക്കമ്പനികള്‍ വിതരണം ചെയ്യുന്ന പെട്രോള്‍-ഡീസല്‍ എന്നിവയുടെ വില സ്വകാര്യ വിതരണക്കാരെക്കാള്‍ കുറഞ്ഞതാണെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് യോഗത്തില്‍ മന്ത്രി അഭിപ്രായപ്പെട്ടു. 2022 ലെ ഉക്രെയ‌്നിലെ റഷ്യന്‍ അധിനിവേശത്തിനുശേഷം പൊതുമേഖല എണ്ണകമ്പനികള്‍ വില വര്‍ധിപ്പിച്ചിട്ടില്ലെന്ന് മന്ത്രി പറയുന്നു. പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് രാജ്യത്താകെ 87,000 ചില്ലറ വില്പനശാലകളാണ് നിലവിലുള്ളത്. ഇതില്‍ 8300 എണ്ണം സ്വകാര്യ വിതരണക്കാരുടെ കൈവശമാണ്. മുകേഷ് അംബാനിയുടെ നയാറ എനര്‍ജിയും ജിയോ ബിപിയും ഇതില്‍ ഉള്‍പ്പെടും. ഡൽഹിയിൽ പെട്രോളിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ് വില. മുംബൈയിൽ പെട്രോൾ 106.31, ഡീസൽ 94.27, കൊൽക്കത്തയിൽ പെട്രോൾ 106.03, ഡീസൽ 92.76 രൂപയും. ഇന്റർനാഷണൽ ബ്രെന്റ് ക്രൂഡ് 0.23 ഡോളർ അഥവാ 0.31 ശതമാനം ഇടിഞ്ഞ് ഈ ആഴ്ചയിലെ മൂന്നാം ദിവസത്തെ വ്യാപാരത്തിൽ ബാരലിന് 73.31 ഡോളറിലെത്തി. അതേസമയം ഡബ്ല്യുടിഐ ക്രൂഡ് വിലയും 0.23 ഡോളർ, അതായത് 0.33 ശതമാനം കുറഞ്ഞ് ബാരലിന് 69.23 ഡോളറായി.

Eng­lish Sum­ma­ry; Big fall in glob­al crude oil prices; Dou­ble price in India
You may also like this video

Exit mobile version