Site iconSite icon Janayugom Online

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഐ ഒമ്പത് മണ്ഡ‍ലങ്ങളില്‍ മത്സരിക്കും

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ ഒമ്പത് സീറ്റുകളില്‍ മത്സരിക്കും. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 122 മണ്ഡലങ്ങളിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചപ്പോള്‍, പാര്‍ട്ടിയുടെ മൂന്ന് സ്ഥാനാര്‍ത്ഥികളാണ് പത്രിക നല്‍കിയത്. ഇതോടെ രണ്ടുഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ സിപിഐ യുടെ ഒമ്പത് സ്ഥാനാര്‍ത്ഥികള്‍ പോരാട്ടത്തിനൊരുങ്ങി. ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 121 മണ്ഡലങ്ങളിലെ നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി ഇന്നലെ അവസാനിച്ചു. രാം രത്തന്‍ സിങ് (തെഗ്ര മണ്ഡലം), സൂര്യകാന്ത് പാസ്വാന്‍ (ബാഖ്രി), അവദേശ് കുമാര്‍ റായ് (ബച്വാഡ), സഞ്ജയ് കുമാര്‍ യാദവ് (ബാഗ), രാകേഷ് കുമാര്‍ പാണ്ഡെ (ഹാര്‍ലഖി), രാം നാരായണ്‍ യാദവ് (ജാന്‍ഹര്‍പൂര്‍), മഹേന്ദ്ര പ്രസാദ് ഗുപ്ത (കരാകട്), സര്‍ദാര്‍ജി ദേവ് നന്ദന്‍ (ബിഹാര്‍ ഷെരീഫ്), മോഹിത് പാസ്വാന്‍ (രാജാപാര്‍കര്‍) എന്നിവരാണ് സിപിഐ സ്ഥാനാര്‍ത്ഥികള്‍. സിപിഐക്ക് അനുവദിച്ച സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് മണ്ഡലങ്ങളില്‍ സിപിഐ മത്സരരംഗത്ത് എത്തിയത്.

ആര്‍ജെഡി 143 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; കോണ്‍ഗ്രസ് 61 മണ്ഡലങ്ങളിലും. സിപിഐ(എംഎല്‍) 20 സീറ്റുകളില്‍ മത്സരിക്കും. 19 സീറ്റുകളിലാണ് ബാക്കി കക്ഷികള്‍ മത്സരിക്കുക. രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പത്രിക പിന്‍വലിക്കാന്‍ വ്യാഴാഴ്ച വരെയാണ് സമയം. ഇതിനു ശേഷമേ വോട്ടെടുപ്പിന്റെ ചിത്രം പൂര്‍ണമാകൂ. അ‍ഞ്ച് മണ്ഡലങ്ങളില്‍ ധാരണയ്ക്ക് വിരുദ്ധമായി ആര്‍ജെഡി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. അതിനിടെ മുഖ്യമന്ത്രിപദം സംബന്ധിച്ച് ചിരാഗ് പാസ്വാനെ മുന്നില്‍ നിര്‍ത്തി കളിക്കാനുള്ള ബിജെപി തന്ത്രം പാളി. ഇതോടെ താന്‍ മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നില്ലെന്ന നിലപാട് ചിരാഗ് കൈക്കൊണ്ടു. എങ്കിലും തെരഞ്ഞെടുപ്പിന് ശേഷം മാത്രം മുഖ്യമന്ത്രിയെ തീരുമാനിക്കട്ടെയെന്ന ബിജെപി നിലപാട് ജെഡിയു നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ വെട്ടിലാക്കിയിരിക്കുകയാണ്. മൊത്തം 243 മണ്ഡലങ്ങളുള്ള ബിഹാര്‍ നിയമസഭയിലേക്ക് രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം നവംബര്‍ ആറിനും രണ്ടാംഘട്ടം നവംബര്‍ 11 നുമാണ്. നവംബര്‍ 14 നാണ് ഫല പ്രഖ്യാപനം. 

Exit mobile version