ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഉയർത്തുന്നത് ജനാധിപത്യത്തിന്റെ ഭാവിയെ കുറിച്ചുള്ള ഗുരുതര ചോദ്യങ്ങളാണെന്ന് സിപിഐ ദേശിയ സെക്രട്ടേറിയറ്റ് അംഗം പി സന്തോഷ്‌കുമാർ എം പി. യാതൊരു തരംഗവുമില്ലാതെയാണ് എൻഡിഎ ഭൂരിപക്ഷം സീറ്റുകളിലും വിജയിച്ചത്. രാജ്യത്തെ ഒരാൾ പോലും പ്രതീക്ഷിക്കാത്ത തെരെഞ്ഞെടുപ്പ് ഫലമാണിത്. നിരവധി എക്സിറ്റ് പോളുകൾ ഫലം വിലയിരുത്തിയെങ്കിലും ഇത്തരം ഒരു സാഹചര്യം പ്രവചിച്ചിരുന്നില്ല.
തെരഞ്ഞെടുപ്പിന് മുൻപായി 65 പേരെയാണ് വോട്ടർ പട്ടികയിൽ നിന്നും വെട്ടിമാറ്റിയത്. വോട്ടർ പട്ടികയിൽ നിന്നും ആളുകളെ പുറത്താക്കാൻ എൻഡിഎ ഒട്ടേറെ പരീക്ഷണങ്ങൾ നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ പദ്ധതിയുടെ ഭാഗമായി ഇലക്ഷൻ ചട്ടങ്ങൾ മറികടന്ന് ഒന്നേകാൽ കോടി സ്‌ത്രീകളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ വീതം സർക്കാർ നൽകി. ഇത് വോട്ടറന്മാരെ സ്വാധിനിക്കുവാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു.
ആർ ജെ ഡി നേതൃത്വം നൽകുന്ന മഹാസഖ്യത്തിന്റെ ഭാഗമായി ഒൻപത് സീറ്റുകളിലാണ് സിപിഐ മത്സരിച്ചത്. ഇതിൽ 4 സീറ്റുകളിൽ സഖ്യത്തിന്റെ ഭാഗമായ കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരത്തിനിറങ്ങി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ളവർ ഇവർക്കായി പ്രചാരണം നടത്തിയെന്നും സന്തോഷ്‌കുമാർ പറഞ്ഞു.

