Site icon Janayugom Online

ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

binoy viswam

ബിനോയ് വിശ്വത്തിന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല നല്‍കാന്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം. ഇന്ന് സിപിഐ കോട്ടയം ജില്ലാ കൗണ്‍സില്‍ ഓഫീസില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഐക്യകണ്ഠേനയാണ് ബിനോയ് വിശ്വത്തിന്റെ പേര് അംഗീകരിച്ചതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. 

ഈ മാസം 28 ന് ചേരുന്ന സംസ്ഥാന കൗൺസില്‍ തീരുമാനത്തിന് അന്തിമ അംഗീകാരം നൽകും. സംഘാടകനെന്ന നിലയിൽ കരുത്തുറ്റ നേതാവാണ് ബിനോയ് വിശ്വമെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോവാന്‍ അദ്ദേഹത്തിനാവുമെന്നും ഡി രാജ ചൂണ്ടിക്കാട്ടി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ വിയോഗം പാര്‍ട്ടിക്ക് തീരാ നഷ്ടമാണ് ഉണ്ടാക്കിയതെന്നും തൊഴിലാളി വര്‍ഗത്തിനായി നിലകൊണ്ട നേതാവായിരുന്നു കാനമെന്നും ഡി രാജ ചൂണ്ടിക്കാട്ടി. 

നിലവില്‍ പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗവും എഐടിയുസി വര്‍ക്കിങ് പ്രസിഡന്റും രാജ്യസഭാംഗവുമാണ് ബിനോയ് വിശ്വം. സിപിഐ മുഖപത്രമായ ന്യൂ ഏജ് പത്രാധിപരുമാണ്. മുന്‍ എംഎല്‍എയും കമ്മ്യൂണിസ്റ്റ് നേതാവുമായ സി കെ വിശ്വനാഥന്‍, സി കെ ഓമന ദമ്പതികളുടെ മകനായി 1955 നവംബര്‍ 25ന് വൈക്കത്ത് ജനനം. ബിഎ, എല്‍എല്‍ബി ബിരുദധാരി. വിദ്യാര്‍ത്ഥിയായിരിക്കെ എഐഎസ്എഫിലൂടെ പൊതു രംഗത്തെത്തി. യൂണിറ്റ് സെക്രട്ടറി മുതല്‍ സംസ്ഥാന — അഖിലേന്ത്യ സെക്രട്ടറി വരെയായി. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ്, ലോക ജനാധിപത്യ യുവജന ഫെഡറേഷന്‍ വൈസ് പ്രസിഡന്റ്, ഏഷ്യ പസഫിക് കമ്മിഷന്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു.

കോഴിക്കോട് ജില്ലയിലെ നാദാപുരത്തുനിന്നും രണ്ടുതവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006–2011 കാലയളവില്‍ എല്‍ഡിഎഫ് മന്ത്രിസഭയില്‍ വനം-ഭവന വകുപ്പ് മന്ത്രിയായിരുന്നു. 2018 ജൂണില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയുമാണ്. ജനയുഗം ദിനപത്രം, ട്രേഡ് യൂണിയൻ മാസിക എന്നിവയുടെ പത്രാധിപരായിരുന്നു.
ഭാര്യ: കൂത്താട്ടുകുളം മേരിയുടെ മകള്‍ ഷൈല പി ജോര്‍ജ്. മക്കള്‍: രശ്മി ബിനോയ് (മാധ്യമപ്രവര്‍ത്തക), സൂര്യ ബിനോയ് (ഹൈക്കോടതി അഭിഭാഷക). 

Eng­lish Sum­ma­ry: Binoy Viswam CPI State Secretary

You may also like this video

Exit mobile version