Site iconSite icon Janayugom Online

ബിജെപി ജില്ലാ പ്രസിഡന്റ്: തഴയപ്പെട്ടവർ അങ്കത്തിന്

ബിജെപി ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കടമ്പ മറികടന്നപ്പോൾ തെരഞ്ഞെടുപ്പിന് സ്വീകരിച്ച മാനദണ്ഡങ്ങളെക്കുറിച്ച് തർക്കം രൂക്ഷം. അഭിപ്രായ വോട്ടെടുപ്പിൽ ഒന്നാമതെത്തിയിട്ടും ദേശീയ നേതൃത്വത്തിന് അയച്ച പട്ടികയിൽ പേരില്ലാതായവരാണ് കലഹത്തിന് തിരികൊളുത്തിയിട്ടുള്ളത്.

പ്രസിഡന്റാകാൻ ജില്ലയിലെ അഭിപ്രായ വോട്ടെടുപ്പിൽ ഒന്നാം സ്ഥാനത്തെത്തിയാൽ മാത്രം പോരാ, മറ്റ് പലതും പരിഗണിക്കേണ്ടതുണ്ടെന്ന വ്യവസ്ഥയാണ് പലരുടെയും അവസരം നഷ്ടപ്പെടുത്തിയതെന്നാണ് വിവരം. ഇതിനു പുറമെ, അഭിപ്രായ വോട്ടെടുപ്പിൽ പ്രഥമസ്ഥാനത്ത് വന്നിട്ടും അഞ്ച് വർഷം ജില്ലാ പ്രസിഡന്റ് സ്ഥാനത്തിരുന്നവരുടെ പേരുകളും ദേശീയ നേതൃത്വത്തിന് അയച്ച പട്ടികയിൽ നിന്നൊഴിവാക്കി. അങ്ങനെയുള്ളവരെ മാറ്റാൻ തന്നെയാണ് തീരുമാനം. ഇതിനൊക്കെപ്പുറമെ, അന്തിമ തീരുമാനം ആർഎസ്എസിന്റേതുമായിരിക്കും.

സുരേന്ദ്രൻ വിരുദ്ധപക്ഷത്തിന് ജില്ലകളിൽ ഭൂരിപക്ഷം കിട്ടിയാലും ചില മാനദണ്ഡങ്ങൾ അടിച്ചേല്പിച്ച് ഔദ്യോഗിക പക്ഷക്കാരെ തിരുകിക്കയറ്റാൻ ശ്രമം നടക്കുന്നുണ്ടെന്നും വരണാധികാരികളടക്കം ഇതിന് ഒത്താശ നൽകുന്നുണ്ടെന്നും പി കെ കൃഷ്ണദാസ് ചേരി നേരത്തേ ആക്ഷേപമുന്നയിച്ചിരുന്നു. സുരേന്ദ്രൻ‑കൃഷ്ണദാസ് ഗ്രൂപ്പുകളുടെ പോര് ഏറ്റവുമധികം പ്രകടമായ മണ്ഡലം-ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളിലുണ്ടായ മാറ്റിമറിച്ചിൽ മൂലം 50 മണ്ഡലങ്ങളിലെ പ്രസിഡന്റ് പ്രഖ്യാപനം മാറ്റിവച്ചിരിക്കുകയാണെന്നാണ് വാർത്തകൾ. പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രായക്കൂടുതലിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതോടെയാണിത്. ഇനി ഇവിടങ്ങളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തി പുതിയവരെ കണ്ടെത്തണം.

കേന്ദ്ര നേതൃത്വത്തിൽ നിന്നുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച പുതുക്കിയ നിബന്ധനകളും മറ്റും ഒരു വിഭാഗത്തിന് മാത്രമേ സംസ്ഥാന നേതൃത്വം കൈമാറുന്നുള്ളൂ എന്ന് പല സന്ദർഭങ്ങളിലായി ഉയർന്നിരുന്ന ആരോപണം ശരിവയ്ക്കുന്നതായി ഈ സംഭവം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിലയിടങ്ങളിൽ കയ്യാങ്കളിയും പ്രതിഷേധവും കേസും വരെയെത്തിയിരുന്നു.

ജില്ലകളിലെ ദേശീയ നിർവാഹക സമിതിയംഗങ്ങളടക്കമുള്ളവർ പങ്കെടുത്ത അഭിപ്രായ വോട്ടെടുപ്പിൽ ജില്ലാ പ്രസിഡന്റായി ഒന്നാമതെത്തിയിട്ടും പരിഹാസ്യമാം വിധം തഴയപ്പെട്ടവർ അടങ്ങിയിരിക്കാനുള്ള സാധ്യത തീരെയില്ല.

കെ സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് വീണ്ടുമെത്തിയാൽ കലാപം ശക്തമാവുകയും ചെയ്യും.

Exit mobile version