Site iconSite icon Janayugom Online

രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനം 75 ശതമാനവും ബിജെപിക്ക്

വിവാദ ഇലക്ടറല്‍ ബോണ്ട് വഴിയും ഇലക്ടറല്‍ ട്രസ്റ്റ് ഫണ്ടിലൂടെയും സംഭാവന വാരിക്കൂട്ടിയ ബിജെപി മൊത്തം വരുമാനത്തിലും മറ്റ് പാര്‍ട്ടികളെ കടത്തിവെട്ടി. 2023–24 സാമ്പത്തിക വര്‍ഷം രാഷ്ട്രീയ പാര്‍ട്ടികളുടെ മൊത്തം വരുമാനത്തിന്റെ 75 ശതമാനവും (4,300 കോടി) ബിജെപി അക്കൗണ്ടിലാണ് എത്തിച്ചേര്‍ന്നത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാ(എഡിആര്‍)ണ് ആറ് ദേശീയ പാര്‍ട്ടികളുടെ വരുമാനത്തിന്റെ കണക്ക് പുറത്തുവിട്ടത്.
പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച രേഖയിലാണ് വരുമാന വിവരമുള്ളത്. ബിജെപി 4,340.47 കോടിയുടെ കണക്കാണ് കമ്മിഷന് ഔദ്യോഗികമായി സമര്‍പ്പിച്ചത്. തൊട്ടുപിന്നില്‍ 1,225.11 കോടിയുമായി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തുണ്ട്. 2022–23 സാമ്പത്തിക വര്‍ഷത്തെക്കാള്‍ 83.85 ശതമാനം വളര്‍ച്ചയാണ് ബിജെപി വരുമാനത്തില്‍ രേഖപ്പെടുത്തിയത്. 

ഇലക്ടറല്‍ ബോണ്ട്, ഇലക്ടറല്‍ ട്രസ്റ്റ് ഫണ്ട്, സ്വമേധയാ നല്‍കിയ സംഭാവനകള്‍ എന്നിവയാണ് വരുമാനമായി കണക്കായിട്ടുള്ളത്. രാജ്യത്തെ ആറ് ദേശീയ പാര്‍ട്ടികള്‍ക്കായി ആകെ 5,820.91 കോടി രൂപയാണ് ലഭിച്ചത്. 2022–23 ല്‍ 772.74 കോടിയാണ് കോണ്‍ഗ്രസിന് ലഭിച്ചതെങ്കില്‍ കഴിഞ്ഞ വര്‍ഷം 1,225.11 കോടിയായി വര്‍ധിച്ചു. 170.82 ശതമാനം വര്‍ധന. സിപിഐ(എം) സമര്‍പ്പിച്ചത് 167.63 കോടി രൂപയുടെ കണക്കാണ്. ബിഎസ് പി 64,77, എഎപി 22.68, എന്‍പിപി 22.44 കോടിയും വരുമാനമായി ലഭിച്ചുവെന്ന് കണക്ക് സമര്‍പ്പിച്ചു.

ഇലക്ടറല്‍ ട്രസ്റ്റ് ഫണ്ട് വഴി സ്വമേധയാ നല്‍കിയ സംഭാവനകളാണ് ആറു പാര്‍ട്ടികളുടെയും വരുമാനത്തിന്റെ ഭൂരിഭാഗവും. ഇതിലും ബിജെപി ഒന്നാം സ്ഥാനത്താണ്. 3,967.14 കോടിയാണ് ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് 1,225.19. സിപിഐ(എം) 74.85, എഎപി 22.13, എന്‍പിപി 17.69 കോടി രൂപ. ഇലക്ടറല്‍ ബോണ്ട് വഴി മാത്രം ബിജെപിക്ക് 1,685.62 കോടിയും കോണ്‍ഗ്രസിന് 828.36, എഎപി 10.15 കോടിയും ലഭിച്ചു. സിപിഐ(എം), ബിഎസ്\പി, എന്‍പിപി എന്നിവയ്ക്ക് ബോണ്ട് വരുമാനം ലഭിച്ചില്ല. 

വരുമാനം നിക്ഷേപിച്ച വകയില്‍ പലിശയിനത്തില്‍ 369.03 കോടിയാണ് ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന് 58.55 കോടി. സിപിഐ(എം)ന് ലഭിച്ച 49.08 കോടിയില്‍ പാര്‍ട്ടി ലെവിയും വരിസംഖ്യയും ഉള്‍പ്പെടും. ബിഎസ് ‌പിക്ക് 38.18 കോടിയാണ് പലിശയിനത്തില്‍ എത്തിച്ചേര്‍ന്നത്. 2022–23ല്‍ ബിജെപി, കോണ്‍ഗ്രസ് സിപിഐ(എം) എന്നിവയ്ക്ക് വരുമാന വര്‍ധനവുണ്ടായി. എന്നാല്‍ എഎപി, എന്‍പിപി, ബിഎസ്‌പി എന്നിവ പിന്നാക്കം പോയി.
ചെലവിനത്തില്‍ കോണ്‍റാഡ് സംഗ്മയുടെ എന്‍പിപിയാണ് മുന്‍പന്തിയില്‍. വരുമാനത്തെക്കാള്‍ കൂടുതല്‍ തുക പാര്‍ട്ടി ചെലവഴിച്ചു. എഎപി 34.09 കോടിയാണ് ചെലവഴിച്ചത്. ബിജെപി 2,211 .69 കോടിയാണ് ചെലവഴിച്ചത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കാണ് ബിജെപി ഏറെയും തുക ചെലവഴിച്ചത്. 619.67 കോടി രൂപ. ഭരണപരമായ ആവശ്യങ്ങള്‍ക്ക് 340.70 കോടിയും ചെലവഴിച്ചു. 

ഇലക്ടറല്‍ ബോണ്ട് വഴി ബിജെപി കോടികള്‍ സ്വന്തമാക്കിയെന്ന് നേരത്തെ തെളിയിക്കപ്പെട്ടിരുന്നു. സിപിഐ അടക്കമുള്ള പാര്‍ട്ടികളും സന്നദ്ധ സംഘടനകളും വിവാദ ബോണ്ട് സംവിധാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ഇലക്ടറല്‍ ബോണ്ട് സംവിധാനം റദ്ദാക്കിയിരുന്നു. ഭരണഘടനാ വിരുദ്ധവും പൗരന്റെ അറിയാനുള്ള അവകാശം ഹനിക്കുന്നതുമായ ഇലക്ടറല്‍ ബോണ്ട് തുടരേണ്ടതില്ലെന്ന പരമോന്നത കോടതി വിധി ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു. എന്നാല്‍ ഇലക്ടറല്‍ ട്രസ്റ്റ് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന സ്വീകരിക്കുന്ന പദ്ധതി ഇപ്പോഴും തുടരുന്നുണ്ട്. ട്രസ്റ്റ് വഴി ലഭിക്കുന്ന തുക തെരഞ്ഞെടുപ്പ് കമ്മിഷന് വര്‍ഷാവര്‍ഷം സമര്‍പ്പിക്കണമെന്ന വ്യവസ്ഥയുണ്ട്. 

Exit mobile version