Site icon Janayugom Online

വൈക്കം ആയുര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനം ബിജെപി അട്ടിമറിക്കുന്നു

നഗരസഭയുടെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന വൈക്കം താലൂക്ക് ആയുര്‍വേദ ആശുപത്രിയില്‍ എംപ്ലോയ്‌മെന്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ നടന്ന താത്കാലിക നിയമനത്തിനുള്ള ഇന്റര്‍വ്യു തടസ്സപ്പെടുത്തിയ ബിജെപി ആശുപത്രിയുടെ പ്രവര്‍ത്തനം അട്ടിമറിക്കുകയാണെന്ന് എല്‍ഡിഎഫ് നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി ആരോപിച്ചു. ഇതോടെ ആയുര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുന്ന അവസ്ഥയാണ്. ആശുപത്രിയില്‍ താത്കാലിക നിയമനം ആവശ്യപ്പെട്ട് ഡിഎംഒയ്ക്ക് ആശുപത്രി സൂപ്രണ്ട് കത്ത് നല്‍കിയിട്ടുള്ളതും, ആരോഗ്യവകുപ്പില്‍നിന്ന് താത്കാലിക നിയമനത്തിന് കാലതാമസം ഉള്ളതിനാല്‍ ഇവിടെത്തന്നെ നിയമനം നടത്താന്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഇന്റര്‍വ്യൂ നടന്നത്. ഇത്തരത്തില്‍ നിയമപരമായി നടന്ന ഇന്റര്‍വ്യുവാണ് ബിജെപി തടസ്സപ്പെടുത്തിയത്. കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങളും ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും നഗരസഭയിലെ ദൈനംദിന പ്രവര്‍ത്തനങ്ങളും നിയമനങ്ങളും അവതാളത്തിലാക്കി. നിലവില്‍ നഗരസഭ നാഥനില്ലാത്ത കളരിയായി മാറിയെന്നും എല്‍ഡിഎഫ് ആരോപിച്ചു.

വൈക്കം നഗരസഭയ്ക്ക് കീഴിലുള്ള ആശുപത്രികളിലെ പ്രവര്‍ത്തനം നിരന്തരം തടസ്സപ്പെടുത്തുന്ന നാല് ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് എതിരെ കേസെടുക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. ഇതിന് നഗരസഭ തയ്യാറാകുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് എതിരെ ആശുപത്രി സംരക്ഷണ നിയമം പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കു പരാതി നല്‍കാനും തീരുമാനിച്ചു. എല്‍ഡിഎഫ് നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എസ് ഹരിദാസന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍ സന്തോഷ്, എബ്രഹാം പഴയ കടവന്‍, കെ.പി സതീശന്‍, കവിത രാജേഷ്, ലേഖ ശ്രീകുമാര്‍, അശോകന്‍ വെള്ളവേലി, എസ് ഇന്ദിരാദേവി, സുശീല എം നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Eng­lish Sum­ma­ry: BJP sab­o­tages the func­tion­ing of Vaikom Ayurvedic hospital

You may also like this video

Exit mobile version