Site iconSite icon Janayugom Online

നെഹ്രു ഇന്ത്യാ വിഭജനത്തിന്റെ പിതാമഹനെന്ന് ബിജെപി

ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ഇന്ത്യാ വിഭജനത്തിന്റെ പിതാമഹനാണെന്ന ബിജെപിയുടെ പ്രചരണം വിവാദമാകുന്നു. കർണാടകയിലെ പ്രാദേശിക ദിനപത്രങ്ങളിൽ ന­ല്കിയ ഒന്നാം പേജ് പരസ്യത്തെച്ചൊല്ലി ബിജെപിക്കെതിരെ രൂ­ക്ഷ വിമർശനവുമായി കോൺഗ്രസ്. അതിനിടെ കോൺഗ്രസ് നേ­താവ് സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വ്യാജ ഗാന്ധിമാർ എന്ന് വിളിച്ച കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരെയും വിമര്‍ശനമുയര്‍ന്നു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ കര്‍ണാടകയിലെ രണ്ടാം ദിവസമാണ് ബിജെപി സംസ്ഥാന ഘടകം ചില കന്നഡ പത്രങ്ങളിൽ ‘ഇന്ത്യന്‍ വിഭജനത്തിന്റെ പിതാമഹന്റെ കൊച്ചുമകന് ഒന്നിപ്പിക്കാൻ കഴിയുമോ?’ എന്ന പരസ്യം നല്കിയത്. ജവഹർലാൽ നെഹ്രുവിന്റെയും രാഹുലിന്റെയും ചിത്രങ്ങള്‍ക്ക് നടുവിൽ പാകിസ്ഥാനെയും ബംഗ്ലാദേശിനെയും വിഭജിക്കുന്ന ഭൂപടവും ‘അധികാരത്തിലെത്താൻ പൗരന്മാരുടെ രക്തച്ചൊരിച്ചിലിന് കാരണമായ‌ പാർട്ടിയിൽ നിന്ന് ഇന്ത്യയുടെ ഐക്യം സാധ്യമാണോ?’ എന്ന ചോദ്യമാണ് ചേര്‍ത്തിരുന്നത്.
ചരിത്രത്തെ തെറ്റായി പ്രചരിപ്പിക്കുകയാണ് ബിജെപിയെന്നാരോപിച്ച് കോൺഗ്രസ് ശക്തമായി അപലപിച്ചു. ‘വലതുപക്ഷ പ്രത്യയശാസ്ത്രം എല്ലായ്പ്പോഴും ചരിത്രത്തിനെതിരാണ്. അവർക്ക് സ്വന്തമായി ചരിത്രമില്ലാത്തതിനാല്‍ ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കുകയാണ്’, കോൺഗ്രസ് മീഡിയ ആന്റ് പബ്ലിസിറ്റി ചെയർമാൻ പവൻ ഖേര മാധ്യമപ്രവർത്തകരോട് പറഞ്ഞു.
1937ൽ ഹിന്ദുത്വ സൈദ്ധാന്തികനായ സവർക്കറുടെ അധ്യക്ഷതയിൽ നടന്ന അഹമ്മദാബാദ് കൺവെൻഷനിൽ ഹിന്ദു മഹാസഭയാണ് ദ്വിരാഷ്ട്ര സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത്. 1942ൽ മുഹമ്മദ് അലി ജിന്ന മുസ്‍ലിം ലീഗിന്റെ ലാഹോർ കൺവെൻഷനിൽ ഇത് ആവർത്തിച്ചു. 1942 ൽ കോൺഗ്രസ് എല്ലാ പ്രവിശ്യാ ഭരണവും ഉപേക്ഷിച്ച് ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തപ്പോൾ, പാകിസ്ഥാനുവേണ്ടിയുള്ള ആദ്യ പ്രമേയം പാസാക്കിയ പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള പ്രവിശ്യാ അസംബ്ലികളിൽ മുസ്‍ലിം ലീഗുമായി സഖ്യം ചേർന്നവരാണ് ഇപ്പോള്‍ വ്യാജം പ്രചരിപ്പിക്കുന്നതെന്നും ഖേര പറഞ്ഞു.
‘സ്വാതന്ത്ര്യം നേടിയെടുത്തവരെയാണ് ബിജെപി ചരിത്രം പഠിപ്പിക്കുന്നതെന്ന് മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇന്ത്യയെ ഒരു രാഷ്ട്രമാക്കിയത് കോൺഗ്രസാണ്. ആർഎസ്എസ് നേതാക്കളാരെങ്കിലും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ടോ. ഒമ്പത് വർഷം നെഹ്രു ജയിലിലായിരുന്നു അമിത് ഷായോ അദ്ദേഹത്തിന്റെ നേതാക്കളോ ജയിലിൽ പോയിട്ടുണ്ടോ എന്നും സിദ്ധരാമയ്യ ചോദിച്ചു.
അതിനിടെ ഗാന്ധിജയന്തി ദിനത്തിൽ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധിയെയും വ്യാജ ഗാന്ധിമാരെന്ന് പരിഹസിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രംഗത്തെത്തി. ‘ഇന്ന് ഗാന്ധിജയന്തി ദിനമാണ്. ആ ദിവസത്തില്‍ എന്തിനാണ് വ്യാജ ഗാന്ധിമാരെക്കുറിച്ച് ഞാൻ സംസാരിക്കുന്നത്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ഡി കെ ശിവകുമാർ തുടങ്ങി കോൺഗ്രസ് പാർട്ടി മുഴുവനായും ഇപ്പോൾ ജാമ്യത്തിലാണ്’- ബൊമ്മെ പറഞ്ഞു.
ഈ പരാമർശത്തെയും കോൺഗ്രസ് വിമര്‍ശിച്ചു. ബിജെപിയിലെ ഡസൻ കണക്കിനാളുകളാണ് ഇപ്പോൾ ജാമ്യത്തിലുള്ളതെന്ന് കർണാടക പ്രദേശ് കോൺഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാർ പരിഹസിച്ചു. ബിജെപിയിലെ ഡസൻ കണക്കിന് നേതാക്കളാണ് ജാമ്യത്തിലുള്ളത്.
യെദ്യൂരപ്പയ്ക്കെതിരെ കേസുകളൊന്നും തന്നെ ഇല്ലേയെന്ന് ബൊമ്മെ പറയട്ടെ. എനിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുന്ന ബൊമ്മെ എന്നെ ജയിലിലടയ്ക്കട്ടെയെന്നും ശിവകുമാർ വെല്ലുവിളിച്ചു.

eng­lish sum­ma­ry: BJP says Nehru is the father of par­ti­tion of India
you may also like this video:

Exit mobile version