രാജ്യത്ത് നടക്കുന്ന ദളിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ കൂടുതലും 13 സംസ്ഥാനങ്ങളിലെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം പ്രകാരം 2022ല്‍ രാജ്യമൊട്ടാകെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്.
പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ 97.7 ശതമാനവും 13 സംസ്ഥാനങ്ങളില്‍ നിന്നാണ്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിലെ ആദ്യസ്ഥാനങ്ങളിലുള്ളത്. പട്ടിക വര്‍ഗങ്ങള്‍ക്കെതിരായ എല്ലാത്തരം അതിക്രമങ്ങളിലെയും 98.91 ശതമാനം 13 സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
2022ല്‍ എസ്‌സി വിഭാഗത്തിനെതിരെയുള്ള അതിക്രമങ്ങളില്‍ 51,656 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ 23.78 ശതമാനവും ഉത്തര്‍ പ്രദേശിലാണ് (12,287), 8,651 കേസുകളുമായി രാജസ്ഥാനാണ് രണ്ടാം സ്ഥാനത്ത് (16.75 ശതമാനം). 7,732 കേസുകളാണ് മധ്യപ്രദേശില്‍ രജിസ്റ്റര്‍ ചെയ്തത്. ബിഹാര്‍(6,799 കേസുകള്‍-13.69 ശതമാനം), ഒഡിഷ (3,576–6.93), മഹാരാഷ്ട്ര (2,706–5.24). ഈ ആറ് സംസ്ഥാനങ്ങളിലാണ് ആകെ കേസുകളുടെ 81 ശതമാനവുമുള്ളത്.
എസ്‌ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ മധ്യപ്രദേശിലാണ്, 2,979 കേസുകള്‍, 30.61 ശതമാനം. രാജസ്ഥാന്‍ (2,498–25.66), ഒഡിഷ (773–7.94), മഹാരാഷ്ട്ര (691–7.10) ആന്ധ്രാപ്രദേശ് (499–5.13) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.
കേസെടുത്തതിന് പുറമെ കുറ്റപത്രം സമര്‍പ്പിച്ചതിന്റെ വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്‌സി വിഭാഗവുമായി ബന്ധപ്പെട്ട കേസുകളില്‍ 60.38 ശതമാനം കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും 14.78 ശതമാനത്തില്‍ മാത്രമാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടള്ളത്. തെറ്റായ ആരോപണങ്ങള്‍, തെളിവുകളുടെ അഭാവം എന്നിവയാണ് ഇതിന് കാരണമായി പറയുന്നത്. 2022 അവസാനത്തില്‍ 17,166 കേസുകളുടെ അന്വേഷണം വഴിമുട്ടിയ നിലയിലായിരുന്നു.
എസ്‌ടി വിഭാഗത്തില്‍ 63.32 ശതമാനം കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 14.71ല്‍ മാത്രം അന്തിമ റിപ്പോര്‍ട്ട് നല്‍കി. 2,702 കേസുകളില്‍ അന്വേഷണം ത്വരിതഗതിയിലായിരുന്നു.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമ പ്രകാരം ശിക്ഷ ലഭിക്കുന്നവരുടെ എണ്ണത്തിലും 2022ല്‍ ഇടിവുണ്ടായി. 2020ല്‍ ഇത് 39.2 ശതമാനമായിരുന്നു. 2022ല്‍ 32.4 ആയാണ് കുറഞ്ഞത്. നിയമപ്രകാരം കേസുകള്‍ പരിഗണിക്കുന്നതിനുള്ള കോടതികളുടെ അപര്യാപ്തതയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 14 സംസ്ഥാനങ്ങളിലെ 498 ജില്ലകളില്‍ 194 എണ്ണത്തില്‍ മാത്രമാണ് ഈ സംവിധാനം നിലവിലുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ എസ്‌സി/എസ്‌ടി സംരക്ഷണ സെല്ലുകള്‍ രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.