കേരളാ ബിജെപിയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ 50 ലക്ഷം പേരെ അംഗങ്ങളാക്കുമെന്ന വീമ്പിളക്കലിന് നാണം കെട്ട തിരിച്ചടി. ഈ മാസം 10ന് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ മാസം ആദ്യം തുടങ്ങിയ തീവ്രയത്ന പ്രവർത്തങ്ങൾ ലക്ഷ്യത്തിന്റെ ഏഴയലത്തുപോലും എത്തിയില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വോട്ട് ചെയ്ത 38 ലക്ഷം പേരിൽ ഒരാൾ പോലും കുറയാതെ മുഴുവൻ പേരും അംഗത്വമെടുക്കുമെന്നും പുറത്തു നിന്ന് പുതുതായി 12 ലക്ഷം പേരെ കൂടി കണ്ടെത്തി എണ്ണം പൂർത്തിയാക്കുമെന്നുമൊക്കെയായിരുന്നു അവകാശവാദം. ബിഡിജെഎസിന് വീണ വോട്ടുകളും ഘടകകക്ഷി വോട്ടുകളുമടക്കം എൻഡിഎയ്ക്ക് കിട്ടിയ വോട്ടുകളെല്ലാം ബിജെപിയുടെ അക്കൗണ്ടിലും വോട്ടർമാരൊക്കെ ബിജെപിക്കാരും എന്നായിരുന്നു മനപായസമുണ്ണൽ. ഈ ഹിമാലയൻ മണ്ടത്തരം എഴുന്നള്ളിച്ച് ആളെപ്പിടിക്കാൻ ഇറങ്ങിയിട്ടും ഒരു മാസത്തിനുള്ളിൽ വലയിലായത് എട്ട് ലക്ഷം പേർ മാത്രം. ഇപ്പോൾ, മെമ്പർഷിപ്പ് ക്യാമ്പെയിന്റെ കാലാവധി നീട്ടി ഏതു വിധത്തിലും ആളെണ്ണം തികയ്ക്കാനുള്ള തത്രപ്പാടിലാണ് നേതൃത്വം. തങ്ങളുടെ അംഗങ്ങൾകൂടി ഉൾപ്പെടുന്ന മൊത്തം എൻഡിഎ വോട്ടർമാരെ ബിജെപി കണക്കിൽ എഴുതിയെടുക്കുന്നതിനോട് ബിഡിജെഎസും മറ്റു പാർട്ടികളും ഒരു പ്രതികരണത്തിനു പോലും മുതിർന്നിട്ടില്ല എന്നത് അതിലേറെ വിചിത്രം.
അംഗത്വ വിതരണം പൂർത്തിയാക്കി വേണം നവംബര്‍ ഒന്നിനും 15 നുമകം മണ്ഡലം പ്രസിഡണ്ടുമാരെയും 16 നും 30 നുമിടയ്ക്ക് ജില്ലാ പ്രസിഡണ്ടുമാരെയും തെരഞ്ഞെടുക്കാൻ. ഡിസംബര്‍ ഒന്നിനു ശേഷം സംസ്ഥാന അധ്യക്ഷനെയും. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഇക്കുറി കടുത്ത മത്സരം നടക്കാനാണ് സാധ്യത. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയായി നിയോഗിച്ച കെ സുഭാഷിനെ ആർഎസ്എസ് കൊച്ചിയിൽ അടിയന്തര യോഗം ചേർന്ന് അപ്രതീക്ഷിതമായി പിൻവലിച്ചതോടെ കേരള ബിജെപിയുമായുള്ള ആർഎസ്എസ് ബന്ധം ഉലഞ്ഞിരിക്കുകയാണ്. സുഭാഷും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും തമ്മിലുണ്ടായ രൂക്ഷമായ മൂപ്പിളമ തർക്കമാണ് കടുത്ത നടപടിക്ക് ആർഎസ്എസിനെ പ്രേരിപ്പിച്ചത്. പുതിയ സംഘടനാ സെക്രട്ടറിയെ നിയോഗിച്ചതുമില്ല. പുതിയ സംസ്ഥാന പ്രസിഡന്റ് തങ്ങൾക്ക് സ്വീകാര്യനാണെങ്കിൽ മാത്രം ആ കാര്യം ആലോചിക്കാം എന്ന നിലപാടിലാണ് സംഘ്പരിവാർ നേതൃത്വം.
അതേസമയം, സംഘടനാ തെരഞ്ഞെടുപ്പിൽ സുരേന്ദ്രനെ അധ്യക്ഷസ്ഥാനത്തു നിന്ന് മാറ്റാൻ ആർഎസ്എസ് നേതൃത്വത്തിന്റെ ആശീർവാദത്തോടെ കേരളാ ബിജെപി യിലെ പ്രബല വിഭാഗം കരുക്കൾ നീക്കിത്തുടങ്ങിയിട്ടുണ്ട് എന്നാണ് വിവരം. ഈ വിഭാഗം മുന്നിൽ നിർത്തുന്നത് എം ടി രമേശിനെയാണ്. മറ്റൊരു പക്ഷം ശോഭാ സുരേന്ദ്രന് വേണ്ടിയും രംഗത്തുണ്ട്. എല്ലാം കണ്ടു രസിക്കുന്ന റോളിലേക്ക് മനഃപൂർവം ആർഎസ്എസ് മാറിയതോടെ, കൂടുതൽ പേർ ഭൈമീകാമുകന്മാരായി രംഗത്തെത്താനുള്ള സാധ്യതയുമേറി.