എൽ ഡി എഫ് ചരിത്രവിജയം നേടുമെന്നും ബി ജെ പി കേരളത്തിൽ ഒരിടത്തും രണ്ടാംസ്ഥാനത്ത് പോലും എത്തില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി ആർ സി അമല സ്കൂളിലെ 161ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിനെതിരെയുള്ള ജനരോഷം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കോൺഗ്രസും ബിജെപിയും നടത്തിയ വികസന വിരുദ്ധ ജനദ്രോഹ പ്രവർത്തനങ്ങൾക്ക് ജനം മറുപടി നൽകും. ജനാധിപത്യ മതേതര ഇന്ത്യയ്ക്കായി ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിച്ച് ജനം പാർലമെന്റിലേക്ക് അയയ്ക്കും.
കഴിഞ്ഞ അഞ്ച് വർഷത്തെ അനുഭവമെടുത്താൽ കേരളത്തിനെതിരെ നിലപാടെടുത്ത രണ്ടു കൂട്ടരാണുള്ളത്. അതിലൊന്ന് കേന്ദ്രത്തിലെ ബിജെപി സർക്കാരാണ്. കേരളവിരുദ്ധ സമീപനം എടുത്ത മറ്റേക്കൂട്ടർ യുഡിഎഫാണ്. സി പി എമ്മും ബി ജെപിയും തമ്മിൽ അന്തർധാര എന്നൊന്നും പറഞ്ഞാൽ ഇവിടെ ചെലവാകില്ല. അത് അവരുടെ രീതിയാണ്. അസം മുഖ്യമന്ത്രി തന്നെ അത് പരസ്യമായി പറഞ്ഞതാണ്. അദ്ദേഹം പഴയ കോൺഗ്രസുകാരനാണ്. ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ താണുവണങ്ങി നിൽക്കുന്ന ഒരാൾക്കേ ആർഎസ്എസുമായി അന്തർധാര ഉണ്ടാക്കാൻ കഴിയൂ. അങ്ങനെ ചെയ്തത് പ്രതിപക്ഷനേതാവ് വി ഡി സതീശനാണ്. എൽഡിഎഫിന് ആരുടേയും മുന്നിൽ താഴേണ്ടതോ വണങ്ങേണ്ടതോ ആയ പ്രശ്നം വന്നിട്ടില്ല.
ഇ പി ജയരാജൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവാണ്. എല്ലാവരുമായും നല്ല സൗഹൃദം പുലർത്തുന്നയാളാണ് ജയരാജൻ. സംശയനിഴലിലുള്ള ഒരാളുടെ സന്നാധ്യത്തിലെ കൂടിക്കാഴ്ച ഒഴിവാക്കേണ്ടതായിരുന്നു. മുമ്പും ജയരാജന് ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്താൻ കഴിഞ്ഞിട്ടില്ല. ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു. കേരളത്തിൽ സിപിഎമ്മിനെതിരെയും തനിക്കെതിരെയും ഒരു സംഘം ദശാബ്ദങ്ങളായി പ്രവർത്തിക്കുന്നുണ്ട്. അത്തരം ആളുകൾക്ക് ധനസഹായം ഉൾപ്പെടെ നൽകുന്നവരുണ്ട്. ചില മാധ്യമങ്ങളും അവർക്കൊപ്പം നിന്നിട്ടുണ്ട്. താൽക്കാലികമായ എന്തെങ്കിലും നേട്ടങ്ങളുണ്ടാകാം. എന്നിട്ട് എന്തെങ്കിലും ഫലം കിട്ടിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇത്തരം ആരോപണങ്ങളിൽ കഴമ്പില്ല. കെ സുരേന്ദ്രനും കെ സുധാകരനും ഇത്തരം പ്രചാരണങ്ങളുടെ കാര്യത്തിൽ ഒരേ സ്വരമാണ്. ശക്തമായ ഗൂഢാലോചനയാണ് ഈ വിവാദത്തിലുണ്ടായിരിക്കുന്നത്. കെ സുധാകരന്റെയും കെ സുരേന്ദ്രന്റെയും തെറ്റായ പ്രചരണം കേരളത്തിൽ വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി അമല യൂപി സ്കൂളിലെ 161-ാം നമ്പർ ബൂത്തിലാണ് മുഖ്യമന്ത്രിക്കും കുടുബംത്തിനും വോട്ട്. ബൂത്തിൽ നീണ്ട ക്യൂവിലേക്കായിരുന്നു മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയത്. മുന്നിൽ ഇരുപതോളം പേർ നിൽക്കുമ്പോൾ ക്യൂവിൽ നിന്ന് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി. ഭാര്യ കമല, മകൾ വീണ എന്നിവരോടൊപ്പം പ്രാദേശിക നേതാക്കളും ഉണ്ടായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായുള്ള പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടിൽ നിന്ന് കാൽനടയായാണ് മുഖ്യമന്ത്രി പോളിങ് ബൂത്തിലേക്ക് എത്തിയത്. ജനങ്ങളെ അഭിവാദ്യം ചെയ്തും കുശലം പറഞ്ഞുമാണ് ബൂത്തിലേക്ക് മുഖ്യമന്ത്രി വന്നത്.
English Summary: BJP will not even come second in Kerala: Chief Minister Pinarayi Vijayan
You may also like this video