2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഒരു മണ്ഡലത്തിലെങ്കിലും വിജയം നേടുകയെന്ന തീവ്രയത്നത്തിൽ ‘ഹിന്ദുത്വം മൃദു‘വാക്കാൻ ബിജെപി. ന്യൂനപക്ഷങ്ങൾ നിർണായക ശക്തിയായ സംസ്ഥാനത്ത് തീവ്ര ഹിന്ദുത്വമെന്ന തങ്ങളുടെ ദേശീയ അജണ്ട താല്‍ക്കാലികമായി മാറ്റിവയ്ക്കാനാണ് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം പ്രത്യേക അജണ്ടയാക്കി കോട്ടയത്ത് ചേർന്ന നേതൃയോഗങ്ങളിലെ തീരുമാനം. മൃദു ഹിന്ദുത്വം, ദേശീയത, ഒപ്പം 10 മുതൽ 15 ശതമാനം വരെ ക്രൈസ്തവ വോട്ടുമാണ് വിജയതന്ത്രമായി കേന്ദ്ര നേതൃത്വം കാണുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങല്‍, തൃശൂർ, പാലക്കാട് എന്നിവയാണ് എ പ്ലസ് മണ്ഡലങ്ങളെന്ന് പാർട്ടി പട്ടികപ്പെടുത്തുന്നത്. 2019ൽ എ ക്ലാസ് മണ്ഡലമായി പ്രചരിപ്പിച്ചിരുന്ന കാസർകോട് ഇത്തവണ പട്ടികയിൽ ഇല്ല എന്നത് ശ്രദ്ധേയമാണ്. തിരുവനന്തപുരത്തും തൃശൂരും വൻ മുന്നേറ്റം കാഴ്ച വയ്ക്കാൻ സാധിക്കുമെന്ന് നേതൃത്വം കരുതുന്നു. അതിനായി കേന്ദ്രമന്ത്രിമാരെ തന്നെ രംഗത്തിറക്കി ഓരോ മണ്ഡലത്തിന്റേയും പ്രത്യേക ചുമതല നൽകിയാണ് പ്രവർത്തനം നടത്തുന്നത്.
സാക്ഷാൽ നരേന്ദ്ര മോഡിയെ തന്നെ രംഗത്തിറക്കി പ്രത്യേക റാലി നടത്താനും പദ്ധതിയൊരുക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവ്ദേക്കർ പല തവണ കേരളത്തിലെത്തി പ്രത്യേക യോഗം ചേർന്നു. എ പ്ലസ് മണ്ഡലങ്ങളിലേക്കായി പ്രത്യേക പദ്ധതിയും തയാറാക്കി. ഈ മണ്ഡലങ്ങളിലെ ദുർബലമായ 100 ബൂത്തുകളിൽ പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ആദ്യപദ്ധതി. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ക്രിസ്ത്യൻ വിഭാഗത്തെ പാർട്ടിയോട് അടുപ്പിക്കാനുള്ള തന്ത്രങ്ങളും യോഗം ചർച്ചചെയ്തു. കോട്ടയത്ത് നേതൃയോഗം നടന്നതിന് പിന്നിലെ ലക്ഷ്യവും ഇതാണ്. അതേസമയം സംസ്ഥാന നേതാക്കൾ നൽകുന്ന കണക്കുകളിൽ വിശ്വസിക്കാതെ പ്രായോഗികമായി കാര്യങ്ങൾ വിലയിരുത്തണമെന്ന് ദേശീയ നേതൃത്വം പ്രകാശ് ജാവ്ദേക്കറോട് നിർദ്ദേശിച്ചിട്ടുണ്ട് പാർട്ടിയുടെ ദേശീയ നയമായ തീവ്രഹിന്ദുത്വത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾ കേരളത്തിലും വേണമെന്നാണ് ദേശീയ നേതൃത്വം നിർദ്ദേശിച്ചിരുന്നത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഇതേ നിലപാട് മുന്നോട്ട് വച്ചിരുന്നു. എന്നാൽ കേരളം പോലൊരു സംസ്ഥാനത്ത് ഇത് പ്രായോഗികമാകില്ലെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്.
ന്യൂനപക്ഷ വോട്ടുകൾ പിടിക്കാനുള്ള തന്ത്രങ്ങൾ പയറ്റുമ്പോൾ ഇത് തിരിച്ചടിയാകുമെന്ന ഈ നിലപാടാണ് ദേശീയ നേതൃത്വം തല്ക്കാലം അംഗീകരിച്ചത്. മുസ്‍ലിങ്ങളും ക്രിസ്ത്യാനികളും ചേർന്ന ന്യൂനപക്ഷങ്ങൾക്ക് 45 ശതമാനത്താേളം വോട്ടാണ് സംസ്ഥാനത്തുള്ളത്. തിരുവനന്തപുരത്തിന് പുറമെ പത്തനംതിട്ട, തൃശൂർ, ആറ്റിങ്ങൽ, കാസർകോട് എന്നിങ്ങനെ അഞ്ച് മണ്ഡലങ്ങളായിരുന്നു 2019ല്‍ ബിജെപി എ പ്ലസ് മണ്ഡലങ്ങൾ എന്ന് പ്രഖ്യാപിച്ചത്. സുരേഷ് ഗോപി, കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ തുടങ്ങി പ്രമുഖരെ തന്നെ രംഗത്തിറക്കുകയും ചെയ്തു. മോഡിയും അമിത് ഷായും ഉൾപ്പെടെയുള്ള പ്രമുഖർ പ്രചരണത്തിനും എത്തി. തിരുവനന്തപുരത്തും പത്തനംതിട്ടയിലും അനായാസ ജയവും ആറ്റിങ്ങലും തൃശൂരും കാസർകോടും ശക്തമായ മത്സരത്തോടെ വോട്ട് ഉയർത്തുകയുമായിരുന്നു ലക്ഷ്യം. എന്നാൽ ഫലം വന്നപ്പോൾ പൂർണമായി പരാജയപ്പെട്ടു. തിരുവനന്തപുരത്ത് പക്ഷെ രണ്ടാം സ്ഥാനത്തെത്തി. നേമം നിയമസഭാ മണ്ഡലത്തിൽ ഒന്നാമതായി. വട്ടിയൂർക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം എന്നിവിടങ്ങളിൽ രണ്ടാമതെത്തുകയും ചെയ്തു. ഇവിടെ ഇത്തവണ ജയിക്കുമെന്നും അതിനായി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ തന്നെ റാലി നടത്തുമെന്നുമാണ് ദേശീയ നേതൃത്വം നല്കുന്ന സൂചന.
English Summary: BJP with a new move in Kerala for election
You may also like this video