Site iconSite icon Janayugom Online

ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ വർഗീയത പരത്തുന്ന നോട്ടീസുമായി ബിജെപി; എൽ ഡി എഫ് പരാതി നൽകും

കോട്ടയത്തെ ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ വോട്ട് ലക്ഷ്യമിട്ട് വർഗീയത പരത്തുന്ന നോട്ടീസുമായി ബിജെപി പ്രവർത്തകർ രംഗത്ത്.
‘എന്തുകൊണ്ട് ബിജെപി’ എന്ന തലക്കെട്ടിലാണ് നോട്ടീസ് പുറത്തിറക്കിയത്. ‘കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തെ ഹൈജാക്ക് ചെയ്തിരിക്കുന്ന മത തീവ്രവാദ‑പ്രീണന അജണ്ടകൾ ക്രൈസ്തവ സമൂഹത്തെ ലക്ഷ്യം വെയ്ക്കുമ്പോൾ’ എന്ന സബ് ടൈറ്റിലും നോട്ടീസിലുണ്ട്. കൃസ്ത്യൻ ന്യൂനപക്ഷ സ്ഥാപനത്തിന്റെ ഭരണഘടനാപരമായ അവകാശം തീവ്രവ‍ർ​ഗീയ ശക്തികൾക്ക് വേണ്ടി അട്ടിമറിക്കാൻ ഭരണപ്രതിപക്ഷങ്ങൾ ഒന്നിച്ചുവെന്ന് നോട്ടീസിൽ പരാമർശമുണ്ട്.

കേരളത്തിൽ പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ അധിനിവേശം ഇന്ന് ക്രമാനു​ഗതമായി ഏറെ ശക്തിപ്പെട്ട നിലയിലാണെന്നും. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിൽ നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പ്കളിലും ഇരു മുന്നണികളും കേരളം എന്നും അകറ്റി നിർത്തിയിരുന്ന വർഗീയ സംഘടനകളുടെ സഹായം പരസ്യമായി സ്വീകരിച്ചുവെന്നും നോട്ടീസിൽ പരാമ‍ർശമുണ്ട്. പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദം, വഖഫ്, കോതമംഗലത്തെ പെൺകുട്ടിയുടെ ആത്മഹത്യ തുടങ്ങിയ വിഷയങ്ങൾ പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ ഭാഗമെന്നും നോട്ടീസിൽ പറയുന്നു. ക്രൈസ്തവ മതമേലധ്യക്ഷന്മാർക്കൊപ്പം ബിജെപി നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നിൽക്കുന്ന ചിത്രങ്ങളും നോട്ടീസിലുണ്ട്. നോട്ടീസിനെതിരെ തെരെഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് എൽ ഡി എഫ് ജില്ലാ നേതൃത്വം അറിയിച്ചു.

Exit mobile version