മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവരാജ് സിങ് ചൗഹാന്‍ പ്രഖ്യാപിച്ച ലാഡ്‌ലി ബഹ്ന പദ്ധതിയില്‍ നിന്ന് രണ്ടു ലക്ഷത്തോളം വനിതകള്‍ പുറത്തായി. വനിതകളുടെ ബാങ്ക് അക്കൗണ്ട് വഴി പ്രതിമാസം 1,250 രൂപ സര്‍ക്കാര്‍ നിക്ഷേപിക്കുന്ന പദ്ധതിയില്‍ നിന്നാണ് 1.75 ലക്ഷം പേരെ വെട്ടിനിരത്തിയത്. തെരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി വിശ്വസിച്ച സാധാരണക്കാരായ വനിതകളാണ് പുറത്തായത്. പ്രഖ്യാപന വേളയില്‍ തന്നെ ഇത് ബിജെപിയുടെ വോട്ട് തന്ത്രം മാത്രമാണെന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടിരുന്നു. ആദ്യഘട്ടത്തില്‍ 1.31 കോടി ഗുണഭോക്താക്കളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട രേഖയനുസരിച്ച് 1.29 കോടി പേര്‍ക്ക് തുക അനുവദിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ശിവരാജ് സിങ് ചൗഹാന്റെ ഭരണകാലത്ത് 1.31 കോടി പേര്‍ അംഗങ്ങളായിരുന്ന പദ്ധതിയില്‍ മോഹന്‍ യാദവ് മുഖ്യമന്ത്രിയായി വന്നതോടെ ഗുണഭോക്താക്കളുടെ എണ്ണംകുറഞ്ഞുവെന്നാണ് സര്‍ക്കാര്‍ രേഖ സാക്ഷ്യപ്പെടുത്തുന്നത്. ഗുണഭോക്താക്കളെ വെട്ടിനിരത്തിയ നടപടി ബിജെപി സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖമാണ് പുറത്തുകൊണ്ടു വന്നതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. വോട്ട് തട്ടാന്‍ വേണ്ടി നടത്തിയ ശുദ്ധ തട്ടിപ്പായിരുന്നു ലാഡ്‌ലി ബഹ്നയെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ പ്രതിപക്ഷ ആരോപണം ശരിയല്ലെന്നും പദ്ധതിയില്‍ അംഗങ്ങളായ പലരും മരിച്ചതായും ചിലര്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറിയതാണെന്നും മുഖ്യമന്ത്രി മോഹന്‍ യാദവ് അവകാശപ്പെട്ടു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ 500 രൂപയ്ക്ക് പാചക വാതക സിലിണ്ടര്‍ നല്‍കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്ന് പെട്രോളിയം സഹമന്ത്രി രാജ്യസഭയില്‍ അറിയിച്ചിരുന്നു.
English Summary; BJP’s Ladli Bahna; Two lakh women are out
You may also like this video