Site iconSite icon Janayugom Online

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയുടെ സിറ്റിംങ് സീറ്റ് വെള്ളാര്‍ സിപിഐലെ പനത്തുറ പി ബിജു പിടിച്ചെടുത്തു

തദ്ദേശ ഉപതെര‍ഞ്ഞെടുപ്പില്‍ തലസ്ഥാന ജില്ലയില്‍ എല്‍ഡിഎഫിന് മുന്നേറ്റം. സിറ്റിംങ് സീറ്റ് നിലനിര്‍ത്തിയതിനൊപ്പം രണ്ടു വാര്‍ഡ് ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തു. വർഷങ്ങളായി ബിജെപി വിജയിച്ചിരുന്ന തിരുവനന്തപുരം കോർപറേഷനിലെ വെള്ളാർ വാർഡ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു. സിപിഐയിലെ പനത്തുറ പി ബിജു 157 വോട്ടിനാണ്‌ വിജയിച്ചത്‌.

കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന വെള്ളാർ സന്തോഷാണ് ഇത്തവണ ബിജെപിക്ക് വേണ്ടി മത്സരിച്ചത്.ബിജെപി അംഗമായിരുന്ന നെടുമം മോഹനൻ മരണപ്പെട്ടത്തിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട്‌ വാർഡിൽ 59 വോട്ടിനാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി ഒ ശ്രീലജ വിജയിച്ചത്‌.

ബിജെപിയുടെ സിറ്റിങ്‌ സീറ്റാണിത്‌. നിലവിലെ പഞ്ചായത്തംഗമായ ബിജെപി അംഗം മഞ്ജുള സർക്കാർ ജോലിയിൽ പ്രവേശിച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ‍്. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ അടയമൺ വാർഡ്‌ എൽഡിഎഫ്‌ നിലനിർത്തി. സിപിഐ എമ്മിലെ ആർച്ചാ രാജേന്ദ്രനാണ്‌ വിജയിച്ചത്‌. നിലവിലെ അംഗം സിപിഐ (എം) നേതാവ് കെ രാജേന്ദ്രന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.

പൂവച്ചൽ പഞ്ചായത്തിലെ കോവിൽവിള വാർഡ്‌ ബിജെപി നിലനിർത്തി. കെ രജനി 19 വോട്ടിനാണ്‌ വിജയിച്ചത്‌. കഴിഞ്ഞ തവണ ബിജെപി സ്ഥാനാർഥിയുടെ ഭൂരിപക്ഷം 124 വോട്ടായിരുന്നു. സ്വന്തം പാർട്ടിക്കാർ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്തതിനാൽ ബിജെപി അംഗം രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. 

Eng­lish Sum­ma­ry: BJP’s sit­ting seat in Thiru­vanan­tha­pu­ram Cor­po­ra­tion was cap­tured by CPI’s Panathu­ra P Biju in Vellar.

You may also like this video:

Exit mobile version