Site iconSite icon Janayugom Online

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം;ഇന്ത്യ സ്വരം മയപ്പെടുത്തുന്നു

ചൈനയുമായി അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച കര്‍ശന നിലപാടില്‍ നിന്ന് കൂടുതല്‍ സമവായ നിലപാടിലേക്ക് ഇന്ത്യ മാറുന്നു. അതിര്‍ത്തി പ്രശ‍്നം 75 ശതമാനവും പരിഹരിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അവകാശപ്പെട്ടതിന് പിന്നാലെ ചൈന വിദേശകാര്യമന്ത്രി വാങ് യിയുമായി ദേശീയ സുരക്ഷാ ഉപദേഷ‍്ടാവ് അജിത് ഡോവല്‍ കൂടിക്കാഴ‍്ച നടത്തി. തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ പ്രശ‍്നങ്ങള്‍ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

ലഡാക്കിലെ സൈനിക നിലപാട് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രവിശ്വാസത്തെ ഇല്ലാതാക്കിയെന്ന് ചൈന വിദേശകാര്യ കമ്മിഷന്‍ ഓഫിസ് ഡയറക‍്ടറായ വാങ് യിയോട് ഒരു വര്‍ഷം മുമ്പ് അജിത് ഡോവല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യ പഴയപോലെ ചൈനയോട് കര്‍ശന നിലപാട് സ്വീകരിക്കുന്നില്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. റഷ്യയില്‍ നടന്ന ബ്രിക‍്സ് യോഗത്തോട് അനുബന്ധിച്ച് വ്യാഴാഴ‍്ച വാങ് യിയുമായി ചര്‍ച്ച നടത്തിയപ്പോള്‍ ശക്തമായ ഭാഷയിലല്ല അജിത് ഡോവല്‍ സംസാരിച്ചത്.
ഡെപ‍്സാങിലെ തര്‍ക്കം ഇതുവരെ പരിഹരിച്ചിട്ടില്ല, ഡെംചോക്കിനെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയും ചെയ്യുന്നു. അതുകൊണ്ട് ചൈനയോടുള്ള നിലപാട് കേന്ദ്രസര്‍ക്കാര്‍ മയപ്പെടുത്തിയെന്നാണ് വിലയിരുത്തല്‍. ജൂലൈല്‍ അസ‍്താന, വിയന്‍ഷ്യാന്‍ എന്നിവിടങ്ങളില്‍ നടന്ന ബഹുരാഷ‍്ട്ര ഉച്ചകോടിയുടെ ഭാഗമായി ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ രണ്ട് തവണ കൂടിക്കാഴ‍്ച നടത്തിയിരുന്നു. 

ഇതിന് ശേഷം ഇന്ത്യ‑ചൈന അതിര്‍ത്തി കാര്യങ്ങളില്‍ കൂടിയാലോചനയും ഏകോപനവും നടത്തുന്ന സമിതി ജൂലൈ 31നും ഓഗസ്റ്റ് 30നും യോഗം ചേര്‍ന്നു. മുമ്പ് ഈ സമതി നാലോ, ആറോ മാസത്തിനിടയിലാണ് യോഗം കൂടിയിരുന്നത്. അടുത്തമാസം പ്രധാനമന്ത്രി നരേന്ദ്രമോഡി ബ്രിക‍്സ് ഉച്ചകോടിക്ക് റഷ്യയിലേക്ക് പറക്കും. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇരുനേതാക്കളും ചെറിയ രീതിയിലെങ്കിലും ആശയവിനിമയം നടത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഇന്ത്യ‑ചൈന യാത്രാ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനും ശ്രമം നടക്കുന്നുണ്ട്. ചൈനയുമായി ചര്‍ച്ച നടന്നതായി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
ചൈനയിലെ സിവിൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേറ്ററായ സോങ് ഷിയോങ്ങിന്റെ നേതൃത്വത്തിലുള്ള സംഘവുമായിട്ടായിരുന്നു ചര്‍ച്ച.
നിലവില്‍ ഇന്ത്യയില്‍ നിന്ന് ചെെനയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ല.

Exit mobile version