Site iconSite icon Janayugom Online

ലുസെയ്‌ലിൽ കാനറികൾ ചിറകടിക്കുന്നു

ആറാം ലോക കിരീട മോഹവുമായി കാനറിപ്പട ഇന്ന് കളത്തിലെത്തുമ്പോൾ ആരാധക ഹൃദയങ്ങളിൽ നിറയെ പ്രതീക്ഷകൾ. ഗ്രൂപ്പ് ജിയിലെ മത്സരത്തില്‍ ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ ബ്രസീലിന്റെ എതിരാളികള്‍ യൂറോപ്യന്‍ കരുത്തരും റാങ്കിങ്ങില്‍ 21-ാം സ്ഥാനക്കാരുമായ സെര്‍ബിയയാണ്. ഇന്ത്യന്‍ സമയം രാത്രി 12.30ന് കിക്കോഫ്. ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരം നെയ്മര്‍ തന്നെയാണ് മത്സരത്തിലെ പ്രധാന ആകര്‍ഷണം.

നെയ്മര്‍ മാത്രമല്ല, മറ്റെല്ലാ താരങ്ങളും കഴിവുതെളിയിച്ചവരാണ്. മുന്നേറ്റത്തില്‍ നെയ്മറിനൊപ്പം ഗബ്രിയേല്‍ ജിസ്യൂസോ, റിച്ചാര്‍ലിസണോ ആയിരിക്കും ഇറങ്ങുക. വിനീഷ്യസ് ജൂനിയര്‍, ആന്റണി, റാഫിഞ്ഞ തുടങ്ങിയവരും മികച്ച സ്‌ട്രൈക്കര്‍മാരാണ്. ലൂക്കാസ് പക്വേറ്റയും കാസിമെറോയും ഫ്രെഡും ഫാബിയാനോയും ഉള്‍പ്പെടുന്ന മധ്യനിരയും എതിരാളികള്‍ പേടിക്കേണ്ടതുതന്നെയാണ്. 38-ാം വയസിലും ലോകകപ്പ് കളിക്കാനിറങ്ങുന്ന തിയാഗോ സില്‍വയാണ് പ്രതിരോധത്തിലെ കരുത്തന്‍. തിയാഗോയ്ക്ക് കൂട്ടായി ഡാനിലോ, ഡാനി ആല്‍വസ്, മാര്‍ക്വീഞ്ഞോസ്, എഡര്‍ മിലിറ്റാവോ തുടങ്ങിയവരുമുണ്ട്.

ഗോള്‍വലയ്ക്ക് മുന്നില്‍ ലിവര്‍പൂളിന്റെ അലിസണ്‍ ബെക്കറും എത്തുമെന്ന് ഉറപ്പ്. അപരാജിതരായി 15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ബ്രസീല്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്. അതില്‍ 12 ജയവും മൂന്ന് സമനിലയുമാണ്. വമ്പന്‍ താരനിരയുമായിറങ്ങുന്ന ബ്രസീലിനെ സെര്‍ബിയ എങ്ങനെ പിടിച്ചുകെട്ടുമെന്നാണ് അറിയേണ്ടത്. 12-ാം ലോകകപ്പ് കളിക്കാനിറങ്ങുന്ന അവര്‍ക്ക് കാര്യമായ നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ട് തവണ നാലാം സ്ഥാനം നേടിയത് മാത്രമാണ് നേട്ടം. അവസാനം കളിച്ച ഒന്‍പത് കളികളില്‍ ആറെണ്ണവും വിജയിച്ചാണ് സെര്‍ബിയ ലോകകപ്പിന് എത്തുന്നത്.

ഡെന്മാര്‍ക്കിനോടും നോര്‍വേയോടും ഓരോ തവണ തോറ്റപ്പോള്‍ സ്ലോവേനിയയോട് സമനിലയും പാലിച്ചു. അലക്‌സാണ്ടര്‍ മിട്രോവിച്ചും ലൂക്ക ജോവിച്ചുമടങ്ങുന്ന സ്‌ട്രൈക്കര്‍മാരാണ് സെര്‍ബിയയുടെ കരുത്ത്. മധ്യനിരയില്‍ കളിമെനയാന്‍ നായകന്‍ ഡുസാന്‍ ടാഡിച്ചിന്റെ നേതൃത്വത്തില്‍ നെമന്‍ജ മാക്‌സിമോവിച്ച്, നെമന്‍ജ ഗുഡേയി, നെമന്‍ജ റാഡോനിച്ച്, ഫിലിപ്പ് കോസ്റ്റിച്ച് തുടങ്ങിയ മികച്ച താരങ്ങളുണ്ട്. പ്രതിരോധത്തില്‍ നിക്കോള മിലന്‍കോവിച്ച്, മിലോസ് വെല്‍കോവിച്ച്, സ്രദാന്‍ ബാബിച്ച്, സ്‌റ്റെഫാന്‍ മിട്രോവിച്ച് തുടങ്ങിയവരും എത്തുമ്പോള്‍ ഗോള്‍വലയ്ക്ക് മുന്നില്‍ മാര്‍കോ ഡിമിട്രോവിച്ചും ഇറങ്ങുമെന്നാണ് കരുതുന്നത്. ബ്രസീലും സെര്‍ബിയയും മുന്‍പ് രണ്ട് ഏറ്റുമുട്ടിയപ്പോഴും വിജയം കാനറികള്‍ക്കൊപ്പമായിരുന്നു. 2018ലെ ലോകകപ്പിലാണ് ഇരുവരും അവസാനം കൊമ്പുകോര്‍ത്തത്. അന്ന് 2–0ന്റെ വിജയമാണ് ബ്രസീല്‍ നേടിയത്.

 

Eng­lish Sam­mury: Brazil’s first match today. Fans with hope

 

Exit mobile version