Site iconSite icon Janayugom Online

മദ്രസകള്‍ക്കുനേരെയും ബുള്‍ഡോസര്‍

രാജ്യത്തെ മദ്രസകള്‍ക്കെതിരെ വാളോങ്ങി ദേശീയ ബാലാവകാശ കമ്മിഷൻ. മദ്രസകൾക്കുളള ധനസഹായങ്ങളും മദ്രസ ബോർഡുകളും നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമ്മിഷൻ അധ്യക്ഷന്‍ പ്രിയങ്ക് കനൂന്‍ഗോ അയച്ച കത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്. മദ്രസകളെ കുറിച്ച് കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കത്ത് നൽകിയത്. മുസ്ലിം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ മദ്രസകൾ പരാജയപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തൽ. മദ്രസകൾ വിദ്യാഭ്യാസ സംരക്ഷണ നിയമത്തിന് എതിരായാണ് പ്രവർത്തിക്കുന്നതെന്നും പറയുന്നു.

മദ്രസകൾ കുട്ടികളുടെ പൊതുവിദ്യാഭ്യാസത്തിന് തടസമാകുന്നുവെന്നും, അവയ്ക്ക് നൽകുന്ന സഹായങ്ങൾ സംസ്ഥാന സർക്കാർ നിർത്തലാക്കണമെന്നും 11 പേജുളള കത്തിൽ ആവശ്യപ്പെടുന്നു. മദ്രസകളില്‍ മുസ്ലിം ഇതര വിഭാഗത്തിലെ കുട്ടികൾ പഠിക്കുന്നുവെങ്കിൽ അവരെ പൊതു വിദ്യാലയങ്ങളിലേക്ക് മാറ്റണം. പഠിക്കുന്ന മുസ്ലിം കുട്ടികൾക്ക് പൊതു വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിലുണ്ട്. ന്യൂനപക്ഷങ്ങളുടെ സംസ്‌കാരം സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനുമുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 29, 30 എന്നിവ പരാമര്‍ശിക്കുന്ന എന്‍സിപിസിആര്‍ ഈ വ്യവസ്ഥകള്‍ മദ്രസകളിലെ കുട്ടികള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനത്തിന് ഇടയാക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്രസകളുടെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്ത് ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമ പോരാട്ടം നടക്കുന്നുണ്ട്.

ഇതിനിടയിലാണ് ബാലാവകാശ കമ്മിഷന്റെ നിര്‍ണായക നടപടി. കമ്മിഷൻ നിര്‍ദേശങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളും എൻഡിഎ സഖ്യകക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. ഭരണഘടന മാറ്റാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. രാജ്യത്തെ വിവിധ ജാതികളും മതങ്ങളും തമ്മിൽ സംഘർഷം സൃഷ്‌ടിച്ച് വിദ്വേഷത്തിന്റെ പേരിൽ രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അഖിലേഷ് യാദവ് വിമര്‍ശിച്ചു. ബാലാവകാശ കമ്മിഷന്റെ ശുപാർശ പ്രായോഗികമല്ലെന്നും ഇത് പിൻവലിക്കണമെന്നും കോൺഗ്രസ് നേതാവ് അജയ് റായ് ആവശ്യപ്പെട്ടു. എന്‍ഡിഎ ഘടകകക്ഷികളില്‍ തെലുങ്ക് ദേശവും ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാർട്ടിയും വിഷയത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് സൂചന. ഏതെങ്കിലും സംസ്ഥാനങ്ങൾ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിൽ അത് പഠിച്ച് നിര്‍ദേശങ്ങൾ നൽകാം. അതിന് പകരം മദ്രസകൾ പൂർണമായും നിർത്തലാക്കുന്നതിനോട് യോജിക്കാനാകില്ലെന്നും എൽജെപി വ്യക്തമാക്കുന്നു. നിര്‍ദേശത്തെ സ്വാഗതം ചെയ്ത് ബിജെപി രംഗത്തെത്തി. വിദ്യാഭ്യാസത്തിന് പകരം മദ്രസകള്‍ ഇസ്ലാമിനെ പ്രോത്സാഹിപ്പിക്കുകയാണെന്നായിരുന്നു പാര്‍ട്ടി വക്താവ് ആര്‍ പി സിങ്ങിന്റെ പ്രതികരണം. അതിനിടെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മഹാരാഷ്ട്രയിലെ ബിജെപി പിന്തുണയുള്ള ഷിന്‍ഡേ സര്‍ക്കാര്‍ മദ്രസ അധ്യാപകരുടെ ശമ്പളം മൂന്നിരട്ടിയായി വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ ബിജെപി നിലപാട് വ്യക്തമാക്കിയിട്ടില്ല.

Exit mobile version