Site iconSite icon Janayugom Online

ബ്രൂസല്ലോസിസ് മനുഷ്യരിലേക്ക് പകരാതിരിക്കാന്‍ കരുതല്‍ വേണം

brucellosisbrucellosis

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമായ ബ്രൂസല്ലോസിസിനെതിരെ കരുതല്‍ വേണം. ജില്ലയില്‍ മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരിലും മറ്റും ബ്രൂസല്ലോസിസ് രോഗം സ്ഥിരീകരിച്ചതോടെ ജീവനക്കാരിലും ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
കന്നുകാലികൾ, പന്നികൾ, ആട്, ചെമ്മരിയാടുകൾ, നായകൾ എന്നിവയെ ബാധിക്കുന്ന ബാക്ടീരിയ രോഗമാണിത്‌. രോഗബാധിതരായ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ മലിനമായ മൃഗ ഉൽപ്പന്നങ്ങൾ തിന്നുകയോ കുടിക്കുകയോ ചെയ്യുന്നതിലൂടെയോ വായുവിലൂടെയോ മനുഷ്യർക്കും ഈ രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്. കന്നുകാലികൾ, പ്രത്യേകിച്ച്‌ എരുമകൾ എന്നിവയിൽ രോഗം ഉണ്ടാകുന്നത് ബ്രൂസെല്ല അബോർട്ടസ് ബാക്ടീരിയ മൂലമാണ്. ചെമ്മരിയാടുകളിലും ആടുകളിലും ബ്രൂസല്ല മെലിറ്റെൻസിസ്, പന്നികളിൽ ബ്രൂസല്ല സൂയിസ് എന്നിവയാണ്‌ രോഗമുണ്ടാക്കുന്നത്‌.
കന്നുകാലികളിലെ ബ്രൂസല്ലോസിസ് രോഗം ‘മാൾട്ടാഫീവർ’, ബാംഗ്സ് രോഗം എന്നും മനുഷ്യരിൽ അൺഡുലന്റ് ഫീവർ എന്നുമാണ് ഇത് അറിയപ്പെടുന്നത്. ജില്ലയില്‍ ഇതാദ്യമായല്ല രോഗം സ്ഥിരീകരിക്കപ്പെടുന്നത്. എന്നാല്‍ ഈ രോഗം മൃഗങ്ങളില്‍ നിന്നും പകരാതിരിക്കാന്‍ ജാഗ്രത കൂടിയേ തീരു. 

രോഗം പടരുന്നത്

രോഗം ബാധിച്ച മൃഗത്തിന്റെ ഗർഭം അലസുകയോ പ്രസവിക്കുകയോ ചെയ്യുമ്പോൾ രോഗം പടരാം. രോഗം ബാധിച്ച മൃഗത്തിന്റെ ജനന ദ്രാവകത്തിൽ ഉയർന്ന അളവിൽ ബാക്ടീരിയകൾ കാണപ്പെടുന്നു. ഈ ബാക്ടീരിയകൾക്ക് പുറത്ത്, പ്രത്യേകിച്ച് തണുത്ത ഈർപ്പമുള്ള സാഹചര്യങ്ങളിൽ അതിജീവിക്കാനാവും. ബാക്ടീരിയകൾ അകിടിൽ കോളനിവൽക്കരിച്ച് പാലിനെ മലിനമാക്കുകയും ചെയ്യുന്നു. ചർമത്തിലെ മുറിവുകളിലൂടെയും രോഗം പകരാം.

രോഗ ലക്ഷണങ്ങൾ

കന്നുകാലികളുടെ പ്രത്യുൽപ്പാദനത്തെ സാരമായി ബാധിക്കുന്ന രോഗമാണ് ബ്രൂസല്ലോസിസ്. ഗർഭാവസ്ഥയുടെ അവസാന മൂന്നാം മാസത്തിലെ ഗർഭഛിദ്രം, വന്ധ്യത, വൈകിയുളള ഗർഭധാരണം, ചാപിള്ള ജനനം, ആരോഗ്യക്കുറവുള്ള കിടാക്കളുടെ ജനനം, പാലുല്പാദനം കുറയൽ തുടങ്ങിയവയാണ് കന്നുകാലികളിലെ ലക്ഷണങ്ങളെന്ന് ജില്ലയിലെ ആനിമല്‍ ഹസ്ബന്‍ഡറി ഡിപ്പാര്‍ട്ട്മെന്റ് പിആര്‍ഒ നിശാന്ത് എം പ്രഭ പറഞ്ഞു.
മൃഗപരിപാലന രംഗത്തുള്ളവർ, മൃഗസംരക്ഷണ മേഖലയിലുള്ള സാങ്കേതിക വിദഗ്‌ധരും അനുബന്ധ ജീവനക്കാർ, മാംസം കൈകാര്യം ചെയ്യുന്നവർ, തുകൽ മേഖലയിലുള്ളവർ, കമ്പിളി നിർമ്മാണ മേഖലയിലുള്ളവർ തുടങ്ങിയവർ രോഗത്തിനെതിരെ ജാഗ്രത പുലർത്തണം.
രോഗം മൂലം കോശജ്വലനത്തിന് കാരണമാകുന്നത് പുരുഷന്മാരില്‍ വന്ധ്യതയുണ്ടാക്കും.

മനുഷ്യരിലും മാരകം

മാംസം ശരിയായി വേവിക്കാതെയും പാലും മറ്റു പാൽ ഉൽപ്പന്നങ്ങളും തിളപ്പിക്കാതെയും അണുവിമുക്തമാക്കാതെയും ഉപയോഗിച്ചാലും രോഗം മനുഷ്യരിലേക്കെത്താം. രോഗബാധയേറ്റ മൃഗങ്ങളുടെ ചാണകം, മൂത്രം എന്നിവയും രോഗത്തിന് കാരണമാകാം.
ഹൃദയം, കരള്‍, കേന്ദ്ര നാഡീവ്യൂഹം, പ്രത്യുല്‍പാദന സംവിധാനം എന്നിങ്ങനെ ശരീരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളെയും അണുബാധ ബാധിച്ചേക്കാം. മനുഷ്യർക്ക് രോഗബാധയേറ്റാൽ ഇടവിട്ടുള്ള പനി, തലവേദന, പേശി വേദന, രാത്രിയിലെ അമിത വിയർപ്പ്, വേദനയോടെയുള്ള സന്ധി വീക്കം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും. രോഗബാധ തിരിച്ചറിയാൻ സ്ക്രീനിങ്‌ ടെസ്റ്റുകളുണ്ട്‌.

പ്രതിരോധിക്കാം

മാരകമായ ഈ ജന്തുജന്യ പകർച്ചവ്യാധിയെ നിയന്ത്രിക്കാനുള്ള ഫലപ്രദമായ വഴി പശുക്കിടാക്കളിൽ പ്രതിരോധ കുത്തിവയ്‌പാണ്‌. ബ്രൂസല്ലോസിസിനെതിരേയുള്ള വാക്‌സിനേഷൻ യജ്ഞം സംസ്ഥാന മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. സമീപത്തെ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് കിടാക്കൾക്ക് ഒറ്റത്തവണ കുത്തിവയ്പ് നൽകുന്നതിലൂടെ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രതിരോധശേഷി പശുക്കൾക്ക് കൈവരും.

നിയന്ത്രണം

മൃഗങ്ങളിലെ അണുബാധ ഇല്ലാതാക്കുകയെന്നതാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ സംവിധാനം. കന്നുകാലി, ആട്, ചെമ്മരിയാട് എന്നിവയ്ക്ക് പ്രതിരോധ കുത്തിവയ്‌പ്‌ നൽകുന്നതുവഴി ഉയർന്ന വ്യാപനം തടയാം.

Eng­lish Sum­ma­ry: Care must be tak­en not to trans­mit bru­cel­losis to humans

You may also like this video

Exit mobile version