Site iconSite icon Janayugom Online

ഗാന്ധിജിയുടെ ഇണ്ടംതുരുത്തി മന സന്ദര്‍ശനത്തിന് നൂറ് വയസ്: ഇന്ന് വാര്‍ഷികാഘോഷം

വൈക്കം സത്യഗ്രഹത്തിന്റെ സ്മാരകമായി ഇന്നും നിലകൊള്ളുന്ന ഇണ്ടം തുരുത്തിമന മഹാത്മാഗാന്ധി സന്ദർശിച്ചിട്ട് നൂറ് വയസ് പിന്നിടുന്നു. വൈക്കത്തെ ചെത്തുതൊഴിലാളികളുടെ ആസ്ഥാനമായി ചരിത്രത്തിലിന്ന് തലയുയർത്തി നിൽക്കുകയാണ് ഇണ്ടംതുരുത്തി മന. ജാതിവിവേചനം ശക്തമായ കാലത്ത് ഇണ്ടംതുരുത്തി മന വൈക്കത്തെ ഏറ്റവും പ്രബലമായ നാടുവാഴി കുടുംബമായിരുന്നു.
വൈക്കം മഹാദേവ ക്ഷേത്രം ഇണ്ടംതുരുത്തിമനയുടെ ഊരായ്മ ക്ഷേത്രമായിരുന്നു. ഇണ്ടംതുരുത്തി മനയിലെ കാരണവർ നീലകണ്ഠൻ നമ്പ്യാതിരിയെ സന്ദർശിക്കാനെത്തിയ ഗാന്ധിജിയെ നമ്പ്യാതിരി മനയിൽ പ്രവേശിപ്പിച്ചില്ല. ജാതിയിൽ താഴ്ന്ന ആളായതിനാൽ ഗാന്ധിയെ പുറത്തിരുത്തിയാണ് ചർച്ച നടത്തിയത്. സത്യഗ്രഹ സമരത്തിൽ പങ്കെടുത്ത വാളണ്ടിയർമാരെ മർദ്ദിക്കാനും, ആവശ്യങ്ങൾ നിഷേധിക്കാനും സവർണ്ണ വിഭാഗങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് നീലകണ്ഠൻ നമ്പ്യാതിരി ആയിരുന്നു. 603 ദിവസം നീണ്ടുനിന്ന സമരത്തിൽ നിരവധി സമരക്കാർ മർദ്ദനമേറ്റ് അവശരായി. ശങ്കുപിള്ളയെന്ന സമരവോളണ്ടിയർ മർദ്ദനമേറ്റ് മരണമടഞ്ഞു. രാമൻ ഇളയതിന്റെ കണ്ണിൽ ചുണ്ണാമ്പ് എഴുതിയതിന്റെ ഫലമായി കാഴ്ച നഷ്ടപ്പെട്ടു. 

ഇത്തരം കിരാതമായ മർദ്ദനമുറകളെ അതിജീവിച്ചാണ് ഇന്ത്യയുടെ നവോത്ഥാന ചരിത്രത്തില്‍ വൈക്കം സത്യഗ്രഹം ഇടംപിടിച്ചത്. വൈക്കം സത്യഗ്രഹാനന്തരം മലബാറിലും തിരുവിതാംകൂറിലും നടന്ന തൊഴിലാളി സമരങ്ങൾ കേരളത്തെയാകെ ഇളക്കിമറിച്ചു. 57ൽ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തി ജന്മത്വത്തിന്റെ തായ്‍വേരറുത്തു. സാമ്പത്തികമായി തകർന്ന ഇണ്ടം തുരുത്തി മനയിലെ കാരണവർ മന വിൽക്കുവാൻ തീരുമാനിച്ചതോടെ ചെത്തുതൊഴിലാളി യൂണിയൻ (എഐടിയുസി) വിലക്കുവാങ്ങുകയായിരുന്നു.
ഒരുകാലത്ത് പ്രവേശനം നിഷേധിക്കപ്പെട്ട തൊഴിലാളികൾ ഇന്ന് വിലക്കുകളില്ലാതെ ഇണ്ടംതുരുത്തി മനയിലേക്കെത്തുമ്പോഴാണ് ഗാന്ധിയുടെ സന്ദർശനത്തിന് നൂറ് വയസ് പൂർത്തിയാവുന്നത്. ഇന്ന് രാവിലെ 10.30ന് ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥൻ സ്മാരക ഹാളിൽ ചേരുന്ന ശതാബ്ദി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് അഡ്വ. വി ബി ബിനു അധ്യക്ഷത വഹിക്കും. മന്ത്രി വി എൻ വാസവൻ, എഐസിസി വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എംഎൽഎ, മുൻ മന്ത്രി കെ സി ജോസഫ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. യൂണിയൻ ജനറൽ സെക്രട്ടറി ടി എൻ രമേശൻ, ആലങ്കോട് ലീലാകൃഷ്ണൻ, സി കെ ആശ എംഎൽഎ എന്നിവർ പ്രസംഗിക്കും.

Exit mobile version