കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തള്ളി. ആനയും കടുവയും സംരക്ഷിത മൃഗങ്ങളുടെ പട്ടികയിൽ തന്നെ തുടരുമെന്നും, കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റില്ലെന്നും മന്ത്രാലയം അറിയിച്ചു. കാട്ടുപന്നികൾ മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യത്തിൽ അവയെ കൊല്ലാൻ സംസ്ഥാനത്തിന് നിലവിൽ അധികാരമുണ്ടെന്നും, എന്നാൽ ഈ അധികാരം കേരളം വേണ്ട രീതിയിൽ ഉപയോഗിക്കുന്നില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെടുന്ന കാട്ടുപന്നിയെ ക്ഷുദ്രജീവിയാക്കണമെന്ന് കേരളം ഏറെക്കാലമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടുവരികയാണ്. എന്നാൽ, നിലവിലെ നിയമപ്രകാരം, ഷെഡ്യൂൾ രണ്ടിലെ മൃഗങ്ങൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പക്ഷം അവയെ വെടിവെച്ചുകൊല്ലാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാൻ അധികാരമുണ്ട്. ഈ നിയമം നിലവിലുണ്ടായിരിക്കെ, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ചുകൊല്ലാൻ അനുമതി വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

