Site iconSite icon Janayugom Online

സുപ്രീംകോടതി കൊളീജിയത്തിലേക്കുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റം അപകടകരം: എം വി ഗോവിന്ദൻ

സുപ്രീംകോടതി പോലെയുള്ള ഭരണഘടന സ്ഥാപനങ്ങളിലേക്കുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റത്തെപ്പറ്റി സുപ്രീംകോടതി ജഡ്ജി ഉജ്ജൽ ഭുയാൻ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ അപകടകരവും ​ഗൗരവതരവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജ് അതുൽ ശ്രീധറിനെ അലഹബാദ് കോടതിയിലേക്ക് സ്ഥലം മാറ്റിയത് കേന്ദ്ര സർക്കാർ ഇടപെടലിനെ തുടർന്നാണെന്ന വിവരം പുറത്തുവന്നിരുന്നു. ഛത്തീസ്​ഗഡ് ഹൈക്കോടതിയിലേക്ക് മാറ്റാനാണ് കൊളീജിയം തീരുമാനിച്ചിരുന്നത്. എന്നാൽ അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ബി ആർ ​ഗവായ് അതുൽ ശ്രീധറിനെ കേന്ദ്രസർക്കാർ നിർദേശിച്ചത് അനുസരിച്ച് ചത്തിസ്​ഗഡിലേക്ക് സ്ഥലം മാറ്റാൻ തീരുമാനിച്ചിരുന്ന അതുൽ ശ്രീധറിനെ അലഹബാദ് കോടതിയിലേക്ക് മാറ്റിയത്.

കേന്ദ്രസർക്കാർ നിർദേശപ്രകാരമാണ് മാറ്റം എന്ന് ​ഗവായ് തന്നെ വ്യക്തമാക്കി. കേന്ദ്രസർക്കാർ ഇത്തരം നിർദേശങ്ങൾ നൽകാൻ പാടില്ല. കൊളീജിയം എന്നുപറയുന്നത് സ്വതന്ത്രമായ സ്ഥാപനമാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ് നിയന്ത്രിക്കുന്നത്. എന്തുകൊണ്ടാണ് കേന്ദ്രം ഇങ്ങനെ ചെയ്തത് എന്നതിന് കൃത്യമായ ഉത്തരമുണ്ട്. മധ്യപ്രദേശ് ഹൈക്കോടതി ജസ്റ്റിസായിരുന്ന അവസരത്തിൽ ഓപ്പറേഷൻ സിന്ദൂറിന്റെ വിശദാം​ശങ്ങൾ ഔദ്യോ​ഗികമായി വിശദീകരിച്ച കേണൽ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശിലെ ബിജെപി മന്ത്രി വിജയ് ഷാ വർ​ഗീയ കടന്നാക്രമണം നടത്തുകയായിരുന്നു. വിഷയത്തിൽ മധ്യപ്രദേശ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. മുമ്പ് ജമ്മു കശ്മീരിൽ ഉണ്ടായിരുന്നപ്പോൾ നിയമവിരുദ്ധമായ അറസ്റ്റിനും തടങ്കലിൽ പാർപ്പിക്കുന്നതിനും എതിരെയും അദ്ദേഹം നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഭരണകക്ഷിക്ക് എതിരായ, അവർ ആ​ഗ്രഹിക്കാത്ത നിയമപരമായ നിലപാടുകൾ സ്വീകരിക്കുന്നവർക്ക് രക്ഷയില്ല എന്നത് വളരെ ​ഗുരുതരമായ ഭരണഘടനാ പ്രശ്നമാണ്. അത് ഇപ്പോൾ ഒരു ജസ്റ്റിസ് തന്നെ തുറന്നുപറഞ്ഞിരിക്കുകയാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

Exit mobile version