
സുപ്രീംകോടതി പോലെയുള്ള ഭരണഘടന സ്ഥാപനങ്ങളിലേക്കുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റത്തെപ്പറ്റി സുപ്രീംകോടതി ജഡ്ജി ഉജ്ജൽ ഭുയാൻ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ അപകടകരവും ഗൗരവതരവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജ് അതുൽ ശ്രീധറിനെ അലഹബാദ് കോടതിയിലേക്ക് സ്ഥലം മാറ്റിയത് കേന്ദ്ര സർക്കാർ ഇടപെടലിനെ തുടർന്നാണെന്ന വിവരം പുറത്തുവന്നിരുന്നു. ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്ക് മാറ്റാനാണ് കൊളീജിയം തീരുമാനിച്ചിരുന്നത്. എന്നാൽ അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ബി ആർ ഗവായ് അതുൽ ശ്രീധറിനെ കേന്ദ്രസർക്കാർ നിർദേശിച്ചത് അനുസരിച്ച് ചത്തിസ്ഗഡിലേക്ക് സ്ഥലം മാറ്റാൻ തീരുമാനിച്ചിരുന്ന അതുൽ ശ്രീധറിനെ അലഹബാദ് കോടതിയിലേക്ക് മാറ്റിയത്.
കേന്ദ്രസർക്കാർ നിർദേശപ്രകാരമാണ് മാറ്റം എന്ന് ഗവായ് തന്നെ വ്യക്തമാക്കി. കേന്ദ്രസർക്കാർ ഇത്തരം നിർദേശങ്ങൾ നൽകാൻ പാടില്ല. കൊളീജിയം എന്നുപറയുന്നത് സ്വതന്ത്രമായ സ്ഥാപനമാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ് നിയന്ത്രിക്കുന്നത്. എന്തുകൊണ്ടാണ് കേന്ദ്രം ഇങ്ങനെ ചെയ്തത് എന്നതിന് കൃത്യമായ ഉത്തരമുണ്ട്. മധ്യപ്രദേശ് ഹൈക്കോടതി ജസ്റ്റിസായിരുന്ന അവസരത്തിൽ ഓപ്പറേഷൻ സിന്ദൂറിന്റെ വിശദാംശങ്ങൾ ഔദ്യോഗികമായി വിശദീകരിച്ച കേണൽ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശിലെ ബിജെപി മന്ത്രി വിജയ് ഷാ വർഗീയ കടന്നാക്രമണം നടത്തുകയായിരുന്നു. വിഷയത്തിൽ മധ്യപ്രദേശ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. മുമ്പ് ജമ്മു കശ്മീരിൽ ഉണ്ടായിരുന്നപ്പോൾ നിയമവിരുദ്ധമായ അറസ്റ്റിനും തടങ്കലിൽ പാർപ്പിക്കുന്നതിനും എതിരെയും അദ്ദേഹം നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഭരണകക്ഷിക്ക് എതിരായ, അവർ ആഗ്രഹിക്കാത്ത നിയമപരമായ നിലപാടുകൾ സ്വീകരിക്കുന്നവർക്ക് രക്ഷയില്ല എന്നത് വളരെ ഗുരുതരമായ ഭരണഘടനാ പ്രശ്നമാണ്. അത് ഇപ്പോൾ ഒരു ജസ്റ്റിസ് തന്നെ തുറന്നുപറഞ്ഞിരിക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.