കടലോളം മോഹിപ്പിച്ച് കടലാമയെ മാത്രം നല്‍കിയ കേന്ദ്ര ബജറ്റില്‍ പ്രതിരോധത്തിലായി ബിജെപി സംസ്ഥാന നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേന്ദ്രബജറ്റില്‍ കേരളത്തിന് വന്‍ വികസന പദ്ധതികളുണ്ടാകുമെന്ന് കൊട്ടിഘോഷിച്ചത് ബിജെപിയുടെ സംസ്ഥാന നേതാക്കളായിരുന്നു.
കാലങ്ങളായി പറഞ്ഞുനടന്ന എയിംസ് ഇത്തവണയും ജലരേഖ മാത്രമായി. സംസ്ഥാന സര്‍ക്കാരിനെ കടത്തിവെട്ടാന്‍ വേണ്ടിയെങ്കിലും അതിവേഗ റെയിലും ബജറ്റിലുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. പറഞ്ഞതൊന്നും കിട്ടിയില്ലെന്ന് മാത്രമല്ല, കിട്ടിയ പ്രധാന പദ്ധതിയായ കടലാമ പരിചരണ കേന്ദ്രത്തെക്കുറിച്ച് ബിജെപി നേതാക്കള്‍ പോലും മിണ്ടുന്നുമില്ല. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരെക്കൊണ്ട് ഒരു കാര്യവുമില്ലെന്ന് എല്‍ഡിഎഫ് പറയുന്നതില്‍ കാര്യമുണ്ടെന്നാണ് ഇപ്പോള്‍ ബിജെപിയുടെ സംസ്ഥാന നേതാക്കളും രഹസ്യമായി സമ്മതിക്കുന്നത്.
വാഗ്ദാന പെരുമഴയുണ്ടാകുമെന്ന് വാചകമടിച്ച ബിജെപി സംസ്ഥാന നേതൃത്വം സംസ്ഥാന കമ്മിറ്റി ഓഫിസില്‍ വലിയ സ്ക്രീനും സ്ഥാപിച്ച് മാധ്യമങ്ങളെയും വിളിച്ചുകൂട്ടിയാണ് ബജറ്റ് അവതരണം കണ്ടത്. ബജറ്റ് കഴിഞ്ഞപ്പോള്‍ ഒന്നും പറയാനില്ലാതെ, സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ സ്ഥലകാലബോധം നഷ്ടപ്പെട്ടതുപോലെ എന്തൊക്കെയോ വിളിച്ചുപറയുകയായിരുന്നു. ഇതുവരെ തന്ന പദ്ധതികളൊന്നും നടപ്പിലാക്കാത്തതുകൊണ്ടാണ് പുതിയ പദ്ധതികള്‍ നല്‍കാത്തതെന്നും കേരളത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വന്നാല്‍ മാത്രമെ വികസനമുണ്ടാകുകയുള്ളൂവെന്നും ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞ രാജീവ് ചന്ദ്രശേഖര്‍, ഇന്നലെ കടകംമറിഞ്ഞു. കേരളത്തിന് നല്‍കിയതെല്ലാം എട്ട് പേജുള്ള രേഖയായി തന്റെ കയ്യിലുണ്ടെന്നാണ് ഇന്നലെ രാജീവ് ചന്ദ്രശേഖര്‍ വാദിച്ചത്. രേഖ പുറത്തുവിടാന്‍ തയ്യാറായതുമില്ല. പിന്നീട് വിശദീകരിക്കാമെന്നായിരുന്നു അവകാശവാദം. “എയിംസ് വരും മറ്റേ മോനേ” എന്ന് നേരത്തെ അവകാശപ്പെട്ട കേന്ദ്രമന്ത്രി സുരേഷ് ഗോപി, കേരളത്തിലെത്തിയിട്ട് പ്രതികരിക്കാമെന്നാണ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. അതിവേഗ റെയിലിന് വേണ്ടി തുറന്ന ഓഫിസ് എന്തുചെയ്യണമെന്ന ആലോചനയിലാണ് ഇ ശ്രീധരനും.
തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ഭരണം വന്നപ്പോള്‍ പ്രധാനമന്ത്രി നേരിട്ട് വന്ന് വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നായിരുന്നു നേതാക്കളുടെ അവകാശവാദം. പ്രധാനമന്ത്രി വന്നെങ്കിലും ഒന്നുമുണ്ടായില്ല. തുടര്‍ന്ന് കേന്ദ്രബജറ്റില്‍ വാരിക്കോരി നല്‍കുമെന്ന് പറഞ്ഞു. എന്തെങ്കിലും പിടിവള്ളി കിട്ടിയാല്‍ വിട്ടുകളയാത്ത ബിജെപി നേതാക്കള്‍ പോലും കടലാമ പരിചരണകേന്ദ്രത്തെക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല. കേരളത്തെ മാത്രമല്ല, തങ്ങളെയും പരിഹസിക്കുന്നതായിപ്പോയി കേന്ദ്രത്തിന്റെ കടലാമ ബജറ്റെന്നാണ് ബിജെപി നേതാക്കളുടെ രോദനം.
കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള കടുത്ത അവഗണനയില്‍ ശക്തമായ പ്രതിഷേധമാണ് രാഷ്ട്രീയ ഭേദമന്യെ ഉയരുന്നത്. ബിജെപിക്ക് സീറ്റ് നല്‍കാത്തതിനാലാണ് കേരളത്തോടുള്ള പകയെന്നാണ് വിമര്‍ശനം. ബിജെപി മുദ്രാവാക്യമായി ഉയര്‍ത്തുന്ന വികസിത കേരളം വേണ്ട എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്നും വിമര്‍ശനമുയരുന്നു. കേരളത്തെ പൂര്‍ണമായും അവഗണിച്ചതില്‍ ഇന്നലെ പുറത്തിറങ്ങിയ ഭൂരിപക്ഷം മാധ്യമങ്ങളും കടുത്ത വിമര്‍ശനമാണുന്നയിച്ചത്. സമൂഹമാധ്യമങ്ങളിലും ബിജെപിക്കും കേന്ദ്രത്തിനുമെതിരെ രൂക്ഷമായ വിമര്‍ശനവും പരിഹാസവും തുടരുകയാണ്.

