കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് സ്വീകരിക്കുന്ന കടുത്ത ഉപരോധത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സത്യഗ്രഹ സമരത്തിന് തുടക്കമായി.രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നടക്കുന്ന സമരത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും അണിനിരന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മുമ്പ് ഡൽഹിയിൽ നടത്തിയ സമരത്തിന്റെ തുടർച്ചയാണ് സമരം.
കടുത്ത കേന്ദ്ര അവഗണനയിലും തനത് വരുമാനം കൂട്ടി ബദൽ നയങ്ങളിലൂടെ മുന്നേറാൻ ശ്രമിക്കുകയാണ് കേരളം. അതിനും അനുവദിക്കില്ലെന്ന കേരള വിരുദ്ധ സമീപനമാണ് കേന്ദ്രത്തിന്റേത്. തൊഴിലുറപ്പ് പദ്ധതിയുടെ മുഴുവൻ ഭാരവും സംസ്ഥാനത്തിന്റെ തലയിൽ കെട്ടിവച്ചത് ഇതിന്റെ ഭാഗം. ബ്രാൻഡിങിന്റെ പേരിലും പല വിഹിതങ്ങളും തടഞ്ഞുവച്ചു. നാടിന്റെ മുഖച്ഛായ തന്നെ മാറ്റേണ്ട പല പദ്ധതികളും ഇഴയുന്നതും പുതിയ പദ്ധതികൾ വരാത്തതും കരുതിക്കൂട്ടിയുള്ള കേന്ദ്രഅവഗണനയുടെ ഫലമാണ്. ബിജെപി രാഷ്‌ട്രീയ ലക്ഷ്യത്തോടെ അവകാശങ്ങളും വിഹിതങ്ങളും നിഷേധിക്കുമ്പോൾ ശബ്‌ദമുയർത്താൻ ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷമോ നാടിനൊപ്പം നിൽക്കേണ്ട ഭൂരിപക്ഷം മാധ്യമങ്ങളോ അതിന് തയ്യാറാകുന്നില്ലെന്നതും ചർച്ചയാണ്.
അഞ്ചുവർഷത്തിനിടെ കേരളത്തിന് അർഹമായ 57,000 കോടി രൂപയാണ് കേന്ദ്രം തടഞ്ഞത്. കേന്ദ്രത്തിന്റേതുൾപ്പെടെ ഏത് പദ്ധതിയും കേരളത്തിൽ സമയബന്ധിതമായി നടക്കുന്നുവെന്നത് വലിയ ദോഷമായാണ് ബിജെപി സർക്കാർ കാണുന്നത്. മികച്ച റോഡുകളും ആശുപത്രികളും സ്‌കൂളുകളും കേന്ദ്ര വിഹിതം തടയാനുള്ള കാരണമാക്കുന്നു. ധനകമീഷന്റെ മാനദണ്ഡങ്ങളിൽ പോലും ഇടപെട്ട് മാറ്റം വരുത്തിയാണ് എൻഡിഎ ഇതര സർക്കാരുകളുള്ള സംസ്ഥാനങ്ങളെ ദ്രോഹിക്കുന്നത്.
Central government’s neglect: Satyagraha launched under the leadership of the Chief Minister

