അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ കേന്ദ്ര നിയമം പരിഷ്കരിക്കണമെന്ന് മലമ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന എഐടിയുസി സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിൽ കേരളം ആവശ്യപ്പെട്ട 2,221 കോടി രൂപയുടെ ധനസഹായത്തിന്റെ സ്ഥാനത്ത് കേവലം 260.56 കോടി രൂപ മാത്രം അനുവദിച്ചത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണം. ദുരന്തനിവാരണ നിധിയിലെ സഹായധനം അനുവദിക്കുന്ന ഉന്നതാധികാര സമിതിയുടെ ദയാദാക്ഷിണ്യത്തിന് സംസ്ഥാനങ്ങൾ കാത്തു നിൽക്കുന്ന അവസ്ഥ മാറുന്നതിന് നിയമം പരിഷ്കരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ദുരന്തബാധിതരുടെ കടം എഴുതിത്തള്ളുന്ന കാര്യത്തിൽ സുപ്രീം കോടതിയുടെ അന്ത്യശാസനമുണ്ടായിട്ടും ബിജെപി സർക്കാർ മൗനം പാലിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണ് ദുരന്തനിവാരണ നിധിയിൽ നിന്നുള്ള സഹായധനം അനുവദിക്കുന്നത്.
കേന്ദ്ര മന്ത്രിയുടെ രാഷ്ട്രീയതാല്പര്യങ്ങൾ ഈ പൊതുനിധിയിലെ പണം വിതരണം ചെയ്യുന്നതിൽ പ്രതിഫലിക്കപ്പെടുവാനുള്ള സാധ്യതകളേറെയാണ്. ഇത് ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും രണ്ട് ദിവസങ്ങളിലായി നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ ധാരണയായി. സമാപന യോഗത്തിൽ എഐടിയുസി ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ്, സിപിഐ ജില്ലാ സെക്രട്ടറി സുമലതാ മോഹൻദാസ് എന്നിവർ സംസാരിച്ചു. എഐടിയുസി സംസ്ഥാന സെക്രട്ടറിമാരായ സി പി മുരളി, അഡ്വ. ആർ. സജിലാൽ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ജില്ലാ ട്രഷറർ എം ഹരിദാസ് നന്ദിയും പറഞ്ഞു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റുമാരായി എം വൈ ഔസേഫ്, ജോർജ് തോമസ് എന്നിവരെയും സെക്രട്ടറിയായി സി കെ ആശ എംഎൽഎയെയും സമ്മേളനം തെരഞ്ഞെടുത്തു.

