Site iconSite icon Janayugom Online

വൈദ്യുതി നിരക്ക് എല്ലാ മാസവും ഉയര്‍ത്താന്‍ കമ്പനികള്‍ക്ക് കേന്ദ്ര അനുമതി

വൈദ്യുതി നിരക്ക് എല്ലാ മാസവും ഉയര്‍ത്താന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന കരട് വൈദ്യുതി ചട്ടഭേദഗതി നിര്‍ദേശം കേന്ദ്ര ഊര്‍ജമന്ത്രാലയം പുറത്തിറക്കി. വൈദ്യുതി നിയമഭേദഗതി സ്റ്റാന്‍ഡിങ് സമിതിക്ക് വിട്ടതിന് പിന്നാലെയാണ് 2005ലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നത്. കമ്പനികള്‍ക്കുണ്ടാകുന്ന അധിക ചെലവ് വൈദ്യുതി നിരക്കില്‍ ഉള്‍പ്പെടുത്തി ഈടാക്കാമെന്നതാണ് പ്രധാന നിര്‍ദേശം. ഇതിനായി റഗുലേറ്ററി കമീഷന്റെ അനുമതി ഇല്ലാതെ തന്നെ എല്ലാമാസവും വൈദ്യുതി നിരക്ക് കമ്പനികള്‍ക്ക് ഉയര്‍ത്താം. നിരക്ക് വര്‍ധിപ്പിക്കാത്ത കമ്പനികള്‍ക്ക് പിന്നീട് അധികച്ചെലവ് ഈടാക്കാന്‍ കഴിയുകയില്ലെന്നതും സംസ്ഥാന റഗുലേറ്ററി കമീഷനുകളെ നോക്കുകുത്തിയാക്കും. സ്വകാര്യ കമ്പനികളും വൈദ്യുതി ബോര്‍ഡുകളും തമ്മിലുള്ള കരാര്‍ തര്‍ക്കങ്ങള്‍ 120 ദിവസത്തിനകം റഗുലേറ്ററി കമീഷനുകള്‍ തീര്‍പ്പാക്കിയില്ലെങ്കില്‍ കക്ഷികള്‍ക്ക് ഉത്തരവിന് കാക്കാതെ നേരിട്ട് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാമെന്ന നിര്‍ദേശവുമുണ്ട്.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍വഴി സ്വകാര്യ കമ്പനികള്‍ വില്‍ക്കുന്ന പുനരുപയോഗ വൈദ്യുതിക്ക് കേന്ദ്ര പൂള്‍ സംവിധാനത്തിലൂടെ ഏകീകൃതനിരക്ക് ഏര്‍പ്പെടുത്തുക, ഊര്‍ജ സംഭരണ സംവിധാനങ്ങള്‍ക്ക് ലൈസന്‍സ് ഒഴിവാക്കുക, സംസ്ഥാനങ്ങളിലെ വൈദ്യുതി ലഭ്യത മുന്‍കൂട്ടി ആസൂത്രണം ചെയ്യുക തുടങ്ങിയ ഭേദഗതി നിര്‍ദേശങ്ങളുമുണ്ട്. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കരട് വൈദ്യുതി ചട്ട ഭേദഗതി നിര്‍ദേശങ്ങളില്‍ സംസ്ഥാനങ്ങള്‍ സെപ്തംബര്‍ 11നകം അഭിപ്രായം അറിയിക്കണം. ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന്റെ അനുമതി ആവശ്യമില്ല. പുതുക്കിയ ചട്ടങ്ങള്‍ നിലവില്‍ വന്നാല്‍ മൂന്ന് മാസത്തിനകം സംസ്ഥാന റഗുലേറ്ററി കമീഷനുകള്‍ ഇതിനനുസൃതമായ ചട്ടങ്ങള്‍ പുറപ്പെടുവിക്കണം.

Eng­lish sum­ma­ry; Cen­tral per­mis­sion for com­pa­nies to increase elec­tric­i­ty rates every month

You may also like this video;

Exit mobile version