Site iconSite icon Janayugom Online

കേന്ദ്രം കേരളത്തിനെതിരെ ബോധപൂ‍ര്‍വമായ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതായി മുഖ്യമന്ത്രി പിണറായി

ഭരണഘടനാപരമായി അർഹതപ്പെട്ടത് തട്ടിയെടുക്കുന്നത് ജനാധിപത്യ രാഷ്ട്രത്തിൽ നടക്കേണ്ടതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാൽ, സ്വന്തം കൈയിലുള്ളത് അമിതാധികാരമാണെന്ന് നടിക്കുന്ന കേന്ദ്ര സർക്കാർ വിവേചനപരമായി സംസ്ഥാനത്തിന്റെ അവകാശങ്ങൾ കവരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തോടുള്ള കേന്ദ്ര ഉപരോധത്തിനെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി മുതൽ മാർച്ചുവരെ ലഭിക്കേണ്ട വിഹിതത്തിന്റെ പകുതിയിലധികമാണ് വെട്ടിക്കുറച്ചത്. ഇതു പിടിച്ചുപറിയാണ്. സർക്കാരിനെയോ എൽഡിഎഫിനെയോ മാത്രം ഉന്നംവച്ചുള്ളതല്ല, കേരളത്തെയാകെ ലക്ഷ്യമിട്ടുള്ളതാണിത്. നാടിനെ പുരോഗതയിലേക്കും ക്ഷേമത്തിലേക്കും നയിക്കാനാണ് ആസൂത്രണം വേണ്ടത്. ഇവിടെ ഏതെല്ലാം വിധത്തിൽ നാടിനെ തകർക്കാമെന്ന ആസൂത്രണമാണ് കേന്ദ്രം നടത്തുന്നത്. കേരളത്തിനു ലഭിക്കേണ്ട വിഹിതം ആരുടെയും ഒ‍ൗദാര്യമല്ല, ഭരണഘടനാപരമായ അവകാശമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളം മുന്നോട്ടുപോകാതിരിക്കാനുള്ള ബോധപൂർവമായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. അനർഹമായതൊന്നും കേരളം ആവശ്യപ്പെടുന്നില്ല. അവകാശപ്പെട്ട കാര്യങ്ങൾ നിഷേധിക്കരുത് എന്നതാണ് ആവശ്യം. ഇതിനായി കേരളത്തോട് താല്പര്യമുള്ള എല്ലാവരും ഒന്നിച്ചുനിന്ന് ശബ്ദമുയർത്തുകയാണ് വേണ്ടത്. എന്നാൽ, കേരളത്തിലെ ചില വിഭാഗങ്ങൾ അതിനു തയ്യാറാകുന്നില്ല. എൽഡിഎഫ് സർക്കാർ അധികാരത്തിലിരിക്കുമ്പോൾ നാട് മുന്നേറാൻ പാടില്ല എന്ന ഹീനബുദ്ധിയാണ് പ്രതിപക്ഷത്തിനെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതനിരപേക്ഷതയുടെ കോട്ടയായാണ് കേരളം നിലനിൽക്കുന്നത്. ഇ‍ൗ കോട്ടയെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അപ്പോൾ വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ കഴിയണം. അവിടെ ചില്ലറ വോട്ട്, നാല് സീറ്റ്, സ്ഥിരംസമിതി അധ്യക്ഷസ്ഥാനം എന്നിവയാണ് പ്രധാനമെന്ന് കണ്ട് വർഗീയതയുമായി കൂട്ടുകൂടരുത്. നാണംകെട്ട രീതിയിലുള്ള ഇക്കാര്യങ്ങൾ ഇപ്പോൾ കേരളത്തിൽ നടക്കുന്നുണ്ട്. ബിജെപിക്കെതിരെ യോജിച്ച ശബ്ദം ഉയരാൻ പാടില്ല എന്ന് ശഠിക്കുകയാണ് ചിലര്‍. ഒറ്റയ്ക്കാകുമ്പോൾ ചില ഇളവുകൾ നൽകാമല്ലോ എന്ന ചിന്തയാണ് ഇതിനു പിന്നിൽ. നാല് വോട്ടിന്റെ ചിന്ത വരുമ്പോൾ മതനിരപേക്ഷതയ്ക്ക് വെള്ളം ചേർക്കുന്നത് സ്വയം വിനാശകരമായ നിലപാടാണ്. ആവശ്യം വരുമ്പോൾ ആർഎസ്എസിന്റെ ആടയാഭരണങ്ങൾ എടുത്തണിയാൻ മടിയില്ലാത്തവരായി കോൺഗ്രസ് മാറിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version