കൊച്ചി: ഒന്നരവയസുള്ള കുഞ്ഞിനെ അമ്മൂമ്മയുടെ സുഹൃത്ത് വെള്ളത്തിൽ മുക്കിക്കൊന്നു. എറണാകുളം കലൂരിലെ സ്വകാര്യ ഹോട്ടൽമുറിയിലാണ് കൊല നടന്നത്. അങ്കമാലി കോട്ടശേരി സ്വദേശി മനന്താനത്ത് വീട്ടിൽ സജീവിന്റേയും ഡിക്സിയുടേയും മകൾ നോറ മരിയയാണ് കൊല്ലപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹോട്ടൽ മുറിയിൽ വച്ച് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നതാണെന്ന് വ്യക്തമായി. സംഭവത്തിൽ പള്ളുരുത്തി സ്വദേശിയായ ജോൺ ബിനോയ് ഡിക്രൂസിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. ഛർദ്ദിച്ച് അബോധാവസ്ഥയിലായെന്ന് ഹോട്ടൽ ജീവനക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് തിങ്കളാഴ്ച്ച പുലർച്ചെ കുട്ടിയെ മുത്തശ്ശിയും സുഹൃത്തും കലൂരുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിൽ എത്തും മുൻപേ കുഞ്ഞ് മരിച്ചിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് മുത്തശ്ശിയെയും സുഹൃത്തിനെയും ചോദ്യം ചെയ്തു.
ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കുഞ്ഞിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി മൊഴി നൽകി. വിദേശത്തായിരുന്ന കുട്ടിയുടെ മാതാവ് നാട്ടിലെത്തിയിട്ടുണ്ട്. പൊലീസ് ഇന്നലെ ഇവർ താമസിച്ചിരുന്ന ഹോട്ടൽ മുറിയില്‍ പരിശോധന നടത്തി. കുറ്റകൃത്യത്തിൽ മുത്തശ്ശി സിപ്സിക്ക് പങ്കില്ലെന്നാണ് യുവാവ് പൊലീസിന് നൽകിയ മൊഴി. ചോദ്യം ചെയ്തശേഷം സിപ്സിയെ വിട്ടയച്ചു. കുട്ടിയുടെ പിതാവ് വാഹനാപകടത്തെതുടർന്ന് ഒരു വർഷമായി അങ്കമാലിയിലെ വീട്ടിൽ വിശ്രമത്തിലാണ്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്കരിച്ചു.