എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന സാഹചര്യത്തിൽ ഔദ്യോഗിക പരിപാടികളില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍. ഇന്ന് പിണറായിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കളക്ടര്‍ മുഥ്യാതിഥിയായി പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍, പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പങ്കെടുക്കേണ്ട എന്ന് കളക്ടർ തീരുമാനമെടുക്കുകയായിരുന്നു.
എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കളക്ടര്‍ക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. കളക്ടര്‍ പദവിയില്‍ നിന്ന് മാറിനിന്ന് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കളക്ടറേറ്റിലേക്ക് പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമായിരുന്നുണ്ടായിരുന്നു. ഇതേതുടര്‍ന്ന് കളക്ടറേറ്റില്‍ വലിയ സുരക്ഷയുമൊരുക്കി. പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോഴുണ്ടാകുന്ന കണക്കിലെടുത്താണ് ഔദ്യോഗിക പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച ലാന്‍ഡ് റവന്യു ജോയിന്‍റ് കമ്മിഷണര്‍ ഗീത കലക്ടറുടെ മൊഴിയെടുത്തിട്ടുണ്ട്. അതിനിടയില്‍ ശനിയാഴ്ച രാത്രി കളക്ടര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ് കണ്ടത്.