Site icon Janayugom Online

സാക്ഷരതാമിഷന്‍ ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ ആശയക്കുഴപ്പവും നാണക്കേടുമുണ്ടാക്കുന്ന ചോദ്യങ്ങള്‍

സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന ഹയര്‍സെക്കന്‍ഡറി തുല്യത കോഴ്‌സിന്റെ രണ്ടാംവര്‍ഷ സോഷ്യോളജി ചോദ്യപേപ്പറില്‍ നല്കിയ പല ചോദ്യങ്ങളും ആശയക്കുഴപ്പവും നാണക്കേടുമുണ്ടാക്കുന്നത്. ന്യൂനപക്ഷവുമായി ബന്ധപ്പെട്ട ചോദ്യമാണ് നാണക്കേടുണ്ടാക്കുണ്ടാക്കുന്നതെങ്കില്‍ പരീക്ഷാര്‍ത്ഥിയുടെ ധാരണകള്‍ക്ക് അനുസരിച്ച് ഉത്തരമെഴുതാവുന്ന ചോദ്യങ്ങളുടെ ഏത്ഉത്തരം സ്വീകരിക്കണമെന്നതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.

 

ഇതും വായിക്കുക: മഹാശ്വേതാ ദേവിയുടെയും ദളിത് എഴുത്തുകാരുടെയും രചനകള്‍ സിലബസില്‍ നിന്ന് നീക്കം ചെയ്ത് ഡല്‍ഹി യൂണിവേഴ്‌സിറ്റി

 

രണ്ടുപുറത്തില്‍ വിശദമായി ഉത്തരമെഴുതേണ്ട 46(എ) ചോദ്യമാണ് അനാവശ്യമായ വ്യഖ്യാനങ്ങള്‍ക്കിട നല്‍കുന്നതിന് അവസരമൊരുക്കിയിരിക്കുന്നത്. ന്യുനപക്ഷങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും ഒരു ഭീഷണിയാണോ ? വിശദീകരിക്കുക എന്നാണ് ചോദ്യം. എട്ട് സ്‌കോര്‍ ഉള്ള ഈ ചോദ്യത്തിന് ഉത്തരമെഴുതുന്നവര്‍ അവരവരുടെ കാഴ്ചപ്പാടനുസരിച്ച് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത് ഉത്തരക്കടലാസില്‍ ഊഹങ്ങള്‍ക്കനുസൃതമായി വര്‍ഗ്ഗീയമായ പരാമര്‍ശങ്ങള്‍ നടത്താനുള്ള അവസരം തുറന്ന് നല്‍കിയിരിക്കയാണ്. മുതിര്‍ന്നവര്‍ എഴുതുന്ന തുല്യതാപരീക്ഷയില്‍ വിഭാഗീയതയും ചേരിതിരിവും ഉണ്ടാക്കാന്‍ സാധ്യതയുള്ള ഈ ചോദ്യം പല പരീക്ഷാര്‍ത്ഥികളിലും ആശയക്കുഴപ്പവും ഞെട്ടലുമാണ്ടാക്കി. കഴിഞ്ഞ ജൂലൈ 28 നു നടന്ന സോഷ്യോളജി ചോദ്യക്കടലാസിലാണ് ഈ ദുരുപദിഷ്ടമായ ചോദ്യ ഇടം പിടിച്ചിരിക്കുന്നത്.ഇത്കൂടാതെ ജനസംഖ്യാ നയത്തെകുറിച്ച് വിശദീകരിക്കുക, ആഗോള വല്ക്കരണവും ഉദാരവല്ക്കരണവും വ്യവസായമേഖളയില്‍ ചെലുത്തിയ സ്വാധീനം വിശകലനം ചെയ്യുക തുടങ്ങിയചോദ്യങ്ങളും ആശയക്കുഴപ്പത്തിന് ഇട നല്കുന്നവയായിരുന്നു.

 

ഇതും വായിക്കുക: സിബിഎസ്ഇ പരീക്ഷയിൽ ബിജെപിയുടെ അഞ്ച് പ്രത്യേകതകൾ വിശദീകരിക്കാൻ ചോദ്യം

 

സംസ്ഥാനസാക്ഷരതാമിഷനാണ് കോഴ്‌സ് നടത്തുന്നതെങ്കിലും പരീക്ഷയുടെ നടത്തിപ്പ് ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പിനാണ്. ചോദ്യപേപ്പര്‍ തയ്യാറാക്കിയിട്ടുള്ളത് എസ് സി ഇ ആര്‍ ടി യിലെ വിദഗ്ദരുമാണ്. നേരത്തെ സാക്ഷരതാമിഷ്യനായിരുന്നു മൊത്തം ഈ കോഴ്‌സിന്റെ നടത്തിപ്പ് ചുമതല. പിന്നീട് ഹയര്‍സെക്കണ്ടറി വിദ്യാഭ്യഭ്യാസ വകുപ്പ് പരീക്ഷനടത്തിപ്പും മറ്റും ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യയിലെ ന്യുനപക്ഷങ്ങള്‍ എന്ന പാഠഭാഗത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വിവാദചോദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ഭരണഘടന ന്യുനപക്ഷങ്ങള്‍ക്ക് ഉറപ്പുനല്‍കുന്ന അവകാശങ്ങളെക്കുറിച്ചും പരിരക്ഷയെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുന്ന ഈ പാഠഭാഗത്തില്‍ നിന്ന് ഒട്ടേറെ മികച്ച ചോദ്യങ്ങള്‍ക്കുള്ള അവസരമുണ്ടായിട്ടും പരീക്ഷയെഴുതുന്നവര്‍ക്കിടയില്‍ ആശയക്കുഴുപ്പവും ഭിന്നതയും ഉണ്ടാക്കാനിടയുള്ള ചോദ്യം വന്നത് സോഷ്യോളജിയിലെ അധ്യാപകരേയും ഞെട്ടിച്ചിട്ടുണ്ട്.

ഉത്തരക്കടലാസുകളുടെ മൂല്ല്യനിര്‍ണ്ണയത്തിനായി നല്‍കിയ ഉത്തരസുചികയില്‍ ഈ ചോദ്യത്തിന് എന്തുത്തരമെഴുതിയാലും മാര്‍ക്ക് നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അതായത് ന്യുനപക്ഷങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയല്ലെന്നും ആണെന്നും ഉത്തരമെഴുതിയാല്‍ മാര്‍ക്ക് കിട്ടുമെന്നര്‍ത്ഥം. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി വര്‍ഗ്ഗീയത വിളമ്പാനുള്ള അവസരമാണ് ഇത്തരം ചോദ്യങ്ങള്‍ ഇടയാക്കുന്നതെന്ന് വ്യക്തമാണ്. ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട പ്രാഥമിക മാനദണ്ഡംപോലും പാലിക്കാതെയാണ് ഇത്തരം ചോദ്യങ്ങള്‍ പടച്ചുവിടുന്നത്. വിവാദങ്ങള്‍ക്ക് സ്ഥാനമില്ലാത്തതും വസ്തുതാ പരവുമായായിരിക്കണം ചോദ്യങ്ങളെന്ന സംസ്ഥാന സര്‍ക്കാറിന്റെ കര്‍ശന നിര്‍ദ്ദേശത്തെ കാറ്റില്‍ പറത്തിയാണ് ചോദ്യകര്‍ത്താവിന്റെ വിക്രിയ.

 

Eng­lish Sum­ma­ry: Con­fu­sion and embar­rass­ment ques­tions in the Lit­er­a­cy Mis­sion High­er Sec­ondary Equiv­a­len­cy Exam

You may like this video also

Exit mobile version