ഡല്‍ഹിയിലേക്ക് ബിജെപിയെ അധികാരത്തിലേക്ക് തിരിച്ചെത്തിച്ചത് കോണ്‍ഗ്രസ് പിടിച്ച വോട്ടുകളാണെന്ന് കണക്കുകള്‍. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ പ്രകാരം എഎപിക്ക് 43.57 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ബിജെപി 45.56 ശതമാനം വോട്ട് നേടി. കോണ്‍ഗ്രസിന് 6.34 ശതമാനം വോട്ട് ലഭിച്ചെങ്കിലും ഒരു സീറ്റ് പോലും നേടാനായില്ല. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എഎപി-കോൺഗ്രസ് സഖ്യത്തിന് പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. ഏഴ് സീറ്റുകള്‍ ബിജെപി നേടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ധാരണയിലെത്താന്‍ ഇരുപാര്‍ട്ടികള്‍ക്കും സാധിച്ചില്ല. ഇതോടെയാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ത്രികോണ മത്സരത്തിലേക്ക് നീങ്ങിയത്. ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ബിജെപിയുടെ മൂന്നാം വിജയം കൂടിയാണിത്.
അതേസമയം കോണ്‍ഗ്രസും ആംആദ്മിയും ഒരുമിച്ച് നിന്നിരുന്നെങ്കില്‍ ജനവിധി മറ്റൊന്നായേനെയെന്ന് കണക്കുകള്‍ പറയുന്നു. ബിജെപിയെ പ്രതിരോധിക്കുന്നതിനായി 2023 ജൂണിലാണ് ഇന്ത്യ സഖ്യം ആരംഭിക്കുന്നത്. ഹരിയാനയിലും മഹാരാഷ്ട്രയിലും കോണ്‍ഗ്രസിനുണ്ടായ കനത്ത തോല്‍വിയെ തുടര്‍ന്ന് സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു.
ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ എഎപിക്കൊപ്പമായിരുന്നു. ബിജെപിയുടെ പർവേഷ് വർമ്മയോട് 4,089 വോട്ടുകൾക്കാണ് അരവിന്ദ് കെജ്‌രിവാൾ പരാജയപ്പെട്ടത്. പർവേഷ് വർമ 30,088 വോട്ടുകൾ പിടിച്ചപ്പോൾ 25,999 വോട്ടുകളാണ് കെജ്‌രിവാളിന് നേടാനായത്. കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിതിന് 4,568 വോട്ടുകളാണ് ലഭിച്ചത്.
മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയിലെ രണ്ടാമനുമായ മനീഷ് സിസോദിയ ജംഗ്പുര മണ്ഡലത്തിലാണ് പരാജയപ്പെട്ടത്. 675 വോട്ടിനായിരുന്നു തോല്‍വി. മനീഷ് സിസോദിയ 38,184 വോട്ട് നേടിയപ്പോള്‍ ബിജെപിയുടെ തര്‍വീന്ദര്‍ 38,859 വോട്ടാണ് നേടിയത്. ഇവിടെയും കോണ്‍ഗ്രസ് പിടിച്ച വോട്ടുകള്‍ നിര്‍ണായകമായി.
തെക്കൻ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് എഎപിക്ക് സുരക്ഷിതമായ സീറ്റായി കണക്കാക്കപ്പെട്ടിരുന്നു, മൂന്ന് തവണ എംഎൽഎയും മന്ത്രിയുമായ സൗരഭ് ഭരദ്വാജ് അനായാസം വിജയിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ബിജെപിയുടെ ശിഖ റോയ് 3,188 വോട്ടുകൾക്ക് ഭരദ്വാജിനെ പരാജയപ്പെടുത്തി. കോൺഗ്രസിന്റെ ഗർവിത് സിങ്‌വി 6,711 വോട്ടുകൾ നേടി. മാളവ്യ നഗറില്‍ ബിജെപിയുടെ സതീഷ് ഉപാധ്യായ മൂന്ന് തവണ എംഎൽഎയായിരുന്ന സോമനാഥ് ഭാരതിയെ 2,131 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ഇവിടെ കോൺഗ്രസിന്റെ ജിതേന്ദർ കുമാർ കൊച്ചാർ 6,770 വോട്ടുകൾ നേടി.
ബദ്‌ലിയിൽ ബിജെപിയുടെ ആഹിർ ദീപാൽ ചൗധരി 15,163 വോട്ടുകൾക്ക് എഎപിയുടെ അജേഷ് യാദവിനെ പരാജയപ്പെടുത്തി. കോൺഗ്രസിലെ ദേവേന്ദർ യാദവ് 41,071 വോട്ടുകൾ നേടി. സഖ്യമുണ്ടായിരുന്നെങ്കിൽ ഇവിടെയും എഎപിക്ക് വിജയിക്കാൻ കഴിയുമായിരുന്നു. നംഗോളിജാട്ടില്‍ ബിജെപിയുടെ മനോജ് കുമാർ ഷോകീൻ 26,251 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആം ആദ്മി പാർട്ടിയുടെ രഘുവീന്ദർ ഷോകീനെ പരാജയപ്പെടുത്തി. കോൺഗ്രസിന്റെ രോഹിത് ചൗധരിക്ക് 32,028 വോട്ടുകൾ ലഭിച്ചു.
രജീന്ദർ നഗറില്‍ മുതിർന്ന എഎപി നേതാവ് ദുർഗേഷ് പഥക് ബിജെപിയുടെ ഉമാങ് ബജാജിനോട് 1,231 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടു. തെക്കൻ ഡൽഹിയിലെ ഛത്തർപൂരിൽ ബിജെപിയുടെ കർത്താർ സിങ് തൻവാർ ആം ആദ്മി പാർട്ടിയുടെ ബ്രഹ്മ സിങ് തൻവാറിനെ 6,239 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. കോൺഗ്രസിന്റെ രാജേന്ദർ സിങ് തൻവാറിന് 6,601 വോട്ടുകൾ ലഭിച്ചു. ത്രിലോക്പുരിയില്‍ ബിജെപിയുടെ രവികാന്ത് വെറും 392 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആം ആദ്മി പാർട്ടിയുടെ അഞ്ജന പർച്ച പരാജയപ്പെടുന്നതിനും കോണ്‍ഗ്രസ് കാരണമായി.
എഎപിയുടെ വിജയം കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമല്ലെന്നാണ് ഡല്‍ഹി പിസിസി വക്താവ് സുപ്രിയ ശ്രീനേറ്റ് പ്രതികരിച്ചത്. അരവിന്ദ് കെജ്‌രിവാള്‍ ഗോവ, ഹരിയാന, ഗുജറാത്ത്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. ഗോവയിലും ഉത്തരാഖണ്ഡിലും എഎപിക്ക് ലഭിച്ച വോട്ടായിരുന്നു കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസം. എഎപി മത്സരിച്ചില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന് ബിജെപിയെ തോല്പിക്കാനുള്ള സാഹചര്യം ഈ സംസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നുവെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നു.