Site iconSite icon Janayugom Online

കേരളത്തെ തകർക്കാനുള്ള നീക്കങ്ങളിൽ ബിജെപിക്കൊപ്പം കോൺഗ്രസും പങ്കുചേരുന്നു : മുഖ്യമന്ത്രി

കേരളത്തിന്‍റെ വികസനത്തെ തകര്‍ക്കാനായി ബിജെപിക്കൊപ്പം കോണ്‍ഗ്രസും ചേര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.എല്ലാ വിഭാഗം ജനങ്ങളും എൽഡിഎഫിനെ സ്വീകരിച്ചു. എൽഡിഎഫിന് ലഭിച്ച രണ്ടാമൂഴം ജനങ്ങൾ നെഞ്ചേറ്റിയതിന്റെ തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർഭരണത്തിന് ശേഷം യുഡിഎഫ് വല്ലാത്ത പകയും വിദ്വേഷവും പടർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി തകർന്നു കൊണ്ടിരിക്കുകയാണ്. ത്രിപുരയിൽ കോൺഗ്രസ് പാർട്ടി തന്നെ ബിജെപിയായി മാറി. സംഘപരിവാറിന്റെ നിലപാടുകൾ നടപ്പാക്കുന്ന കോൺഗ്രസിന്റെ ദേശീയ നേതാക്കൾ ഉണ്ട്. അവരുടെ പേര് പറയാത്തത് തൻറെ മാന്യത കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വപ്നം കാണാൻ പോലുമാകാത്ത പദ്ധതികൾ നടപ്പിലായത് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത് കൊണ്ടാണെന്ന് മുഖ്യമന്ത്രി.

കിഫ്ബി കൊണ്ടുവന്നപ്പോൾ മലർപ്പൊടിക്കാരന്റെ സ്വപ്നം എന്നു പോലും പ്രതിപക്ഷം അന്ന് പരിഹസിച്ചു. കിഫ്ബിയിലൂടെ 50,000 കോടി രൂപ കണ്ടെത്തും എന്ന് പറഞ്ഞപ്പോൾ അതിനെ യുഡിഎഫ് എതിർത്തു. അഞ്ചുവർഷം കഴിഞ്ഞപ്പോൾ 62,000 കോടി രൂപ കണ്ടെത്തി. ആ കിഫ്ബിയെ തകർക്കാനാണ് ഇപ്പോഴത്തെ ശ്രമം. ബിജെപിക്കൊപ്പം കോൺഗ്രസും അതിൽ പങ്കുചേരുകയാണ്. കേരളത്തിലെ വികസനം തടയാനുള്ള ശ്രമം നടത്തുകയാണ് ഇപ്പോൾ ഇഡി. ഇഡിയെ ആർക്കും പരിചയപ്പെടുത്തേണ്ടതില്ലല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു. 

ഇഡിയുടെ ഉദ്ദേശ്യം വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ഇന്ന് വികസനം നടക്കുന്നത് കിഫ്ബിയിലൂടെ കിട്ടിയ പണം കൊണ്ടാണ്. കേരളത്തിന്റെ വികസനം തടയാൻ കിഫ്ബിയെ തകർക്കണം. അതാണ് കിഫ്ബിക്കെതിരായ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തെ മാറ്റി നിർത്തി കൊണ്ടാണോ രാജ്യത്തിന്റെ വികസനം വേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു. വികസനത്തിനായി കേന്ദ്രവും സംസ്ഥാനവും ഒരുമിക്കുകയല്ലേ വേണ്ടത്. ഇതല്ലേ രീതി. ഈ രീതി അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഇടത് സർക്കാരിന്റെ കാലത്ത് വികസനം വരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെയെങ്കിൽ നാട് ഒരു ഇഞ്ച് മുന്നോട്ടുപോകില്ല. പക്ഷേ പ്രതിപക്ഷം എന്തെല്ലാം എതിർപ്പുകളുമായി വന്നാലും വിസനത്തിന്റെ കാര്യത്തിൽ ഒരിഞ്ച് പുറകോട്ട് പോകില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Con­gress is join­ing with BJP in the moves to destroy Ker­ala: Chief Minister

You may also like this video: 

Exit mobile version